---
title: "അസമിൽ അന്താരാഷ്ട്ര വന്യജീവി കടത്ത് സംഘം പിടിയിൽ; വംശനാശഭീഷണി നേരിടുന്ന  'ഗോൾഡൻ ലങ്കൂറുകളെ' കടത്താൻ ശ്രമിച്ച 9 പേർ അറസ്റ്റിൽ"
english_title: "International wildlife mafia arrested in Assam, Golden Langur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367196/international-wildlife-mafia-arrested-in-assam-golden-langur-"
published_at: "2026-06-20T17:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3680855e51d_Golden_Langur.jpg"
keywords: ["Latest News", "Wildlife Smuggling", "Golden Langur", "STF Assam"]
---

# അസമിൽ അന്താരാഷ്ട്ര വന്യജീവി കടത്ത് സംഘം പിടിയിൽ; വംശനാശഭീഷണി നേരിടുന്ന  'ഗോൾഡൻ ലങ്കൂറുകളെ' കടത്താൻ ശ്രമിച്ച 9 പേർ അറസ്റ്റിൽ

> **Lead Summary:** ദിസ്പൂർ : വംശനാശഭീഷണി നേരിടുന്ന ഗോൾഡൻ ലങ്കൂർ എന്ന കുരങ്ങുവർ​ഗത്തെ കടത്താൻ ശ്രമിച്ച ഒമ്പത് പേർ അസമിൽ പിടിയിലായി. വന്യജീവി കടത്തിനെതിരായ നടപടിയുടെ ഭാഗമായി, അസമിലെ ചിരാങ് ജില്ലയിലെ സിഡ്‌ലി പ്രദേശത്ത് അസം പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്.

## Article Content

ദിസ്പൂർ : വംശനാശഭീഷണി നേരിടുന്ന ഗോൾഡൻ ലങ്കൂർ എന്ന കുരങ്ങുവർ​ഗത്തെ കടത്താൻ ശ്രമിച്ച ഒമ്പത് പേർ അസമിൽ പിടിയിലായി. വന്യജീവി കടത്തിനെതിരായ നടപടിയുടെ ഭാഗമായി, അസമിലെ ചിരാങ് ജില്ലയിലെ സിഡ്‌ലി പ്രദേശത്ത് അസം പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗുവാഹത്തിയിൽ നിന്നുള്ള ഒരു എസ്ടിഎഫ് സംഘമാണ് സിഡ്‌ലി പൊലീസിന്റെ സഹായത്തോടെ, ദേശീയപാത-27ൽ രാത്രി വൈകി റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ പശ്ചിമബം​ഗാൾ രജിസ്ട്രേഷനിലുള്ള മഹീന്ദ്ര സ്കോർപിയോയും അസം രജിസ്ട്രേഷനിലുള്ള ടാറ്റ നാനോയും പിടിച്ചെടുത്തു.

വാഹനങ്ങളിൽ നടത്തിയ തിരച്ചിലിൽ വംശനാശഭീഷണി നേരിടുന്ന പ്രൈമേറ്റ് ഇനങ്ങളിൽ ഒന്നായ എട്ട് അപൂർവ സ്വർണ്ണ ലങ്കൂറുകളെ കണ്ടെത്തി. ലങ്കൂറുകളിൽ ഒന്ന് ചത്ത നിലയിലായിരുന്നു. ഒമ്പത് പേരെ എസ്ടിഎഫ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരു ബംഗ്ലാദേശി പൗരനും പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ച് പേരും അസമിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അന്തർസംസ്ഥാന, അന്താരാഷ്ട്ര വന്യജീവി കടത്ത് ശൃംഖലയുടെ പങ്കാളിത്തമാണ് സംശയിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ചിരാങ് ജില്ലയിൽ പുതുതായി നിർമിച്ച ചിക്‌ന ജ്വാലാവോ ദേശീയോദ്യാനത്തിൽ നിന്നാണ് ലങ്കൂറുകളെ പിടികൂടിയതെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക കൈയേറ്റക്കാർ മൃഗങ്ങളെ ഇവർക്ക് വിറ്റതാണെന്നാണ് കരുതുന്നത്. രക്ഷപ്പെടുത്തിയ മൃഗങ്ങളെ വനംവകുപ്പ് അധികാരികൾക്ക് കൈമാറി. അനധികൃത വന്യജീവി വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിശാലമായ ശൃംഖല കണ്ടെത്തുന്നതിനായി അറസ്റ്റിലായ വ്യക്തികളെ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367196/international-wildlife-mafia-arrested-in-assam-golden-langur-)