---
title: "നീറ്റ്-യുജി പുനഃപരീക്ഷ നാളെ; പരീക്ഷാ ഹാളിൽ കർശന നിയന്ത്രണങ്ങൾ; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക"
english_title: "NEET-UG re-examination, strict restrictions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367192/neet-ug-re-examination-strict-restrictions"
published_at: "2026-06-20T17:07:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35f59e914b7_NEET_EXAM.jpg"
keywords: ["Latest News", "Neet Exam", "Re-examination"]
---

# നീറ്റ്-യുജി പുനഃപരീക്ഷ നാളെ; പരീക്ഷാ ഹാളിൽ കർശന നിയന്ത്രണങ്ങൾ; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക

> **Lead Summary:** നീറ്റ്-യുജി പുനഃപരീക്ഷ നാളെനടക്കാനിരിക്കെ, കടുത്ത സുരക്ഷാ ക്രമീകരണങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി. പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് ഇത്തവണത്തെ പരീക്ഷാ നടത്തിപ്പ്.

## Article Content

നീറ്റ്-യുജി പുനഃപരീക്ഷ നാളെനടക്കാനിരിക്കെ, കടുത്ത സുരക്ഷാ ക്രമീകരണങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി. പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് ഇത്തവണത്തെ പരീക്ഷാ നടത്തിപ്പ്.

പരീക്ഷാ ഹാളിലേക്ക് മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഹെഡ്‌സെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഹാൻഡ്‌ബാഗുകൾ, ആഭരണങ്ങൾ എന്നിവ കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

കുപ്പിവെള്ളവും ഭക്ഷണസാധനങ്ങളും കൈവശം വെക്കാൻ പാടില്ല. എന്നാൽ പ്രമേഹരോഗികളായ വിദ്യാർത്ഥികൾക്ക് പ്രത്യേക അനുമതിയോടെ ഭക്ഷണം കരുതാൻ സൗകര്യമുണ്ടാകും.

നിരോധിത വസ്തുക്കൾ സൂക്ഷിക്കാൻ കേന്ദ്രങ്ങളിൽ ക്ലോക്ക് റൂം സൗകര്യം ലഭിക്കാത്തതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ ഒഴിവാക്കി പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ ശ്രദ്ധിക്കണം.

**പരീക്ഷാ ഘടനയിലെ പ്രധാന മാറ്റങ്ങൾ:**

**സമയപരിധി: **പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) വർദ്ധിപ്പിച്ചു.

**റഫ് പേപ്പർ: **റഫ് വർക്കുകൾക്കായി ഇനി നാല് പേജുകൾ ലഭ്യമാകും. ഇടംകയ്യൻ വിദ്യാർത്ഥികൾക്കായി ചോദ്യപ്പേപ്പറിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ (ഡൽഹി, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്) അഡ്മിറ്റ് കാർഡ് കാണിച്ച് സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.

നിശ്ചിത സമയത്തിന് മുൻപായി അഡ്മിറ്റ് കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവയുമായി പരീക്ഷാ കേന്ദ്രത്തിൽ എത്താൻ എൻടിഎ നിർദ്ദേശിക്കുന്നു.

വൈകി എത്തുന്ന വിദ്യാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയില്ല. മേയ് മൂന്നിലെ ക്രമക്കേടുകളെത്തുടർന്ന് സിബിഐ അന്വേഷണം ഊർജ്ജിതമായി തുടരുന്നതിനിടയിലാണ് ഇത്തവണത്തെ സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367192/neet-ug-re-examination-strict-restrictions)