---
title: "മിൽമയുടെ പേരിൽ വാട്‌സ്ആപ്പിൽ വ്യാജ സമ്മാന പദ്ധതി; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മിൽമയുടെ കർശന മുന്നറിയിപ്പ്"
english_title: "Fake gift scheme on WhatsApp in the name of Milma"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367190/fake-gift-scheme-on-whatsapp-in-the-name-of-milma"
published_at: "2026-06-20T16:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1b917f1216_milk.jpg"
keywords: ["LATEST NEWS", "FAKE NEWS", "LINKS", "MILMA"]
---

# മിൽമയുടെ പേരിൽ വാട്‌സ്ആപ്പിൽ വ്യാജ സമ്മാന പദ്ധതി; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മിൽമയുടെ കർശന മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം: **[** സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ വലിയ രീതിയിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന വ്യാജേന ലിങ്കുകൾ സഹിതമാണ് വാട്സ്ആപ്പ് വഴി തട്ടിപ്പ് സന്ദേശങ്ങൾ പടരുന്നത്. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പൊതുജനങ്ങൾ കെണിയിൽ വീഴരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മിൽമ മാനേജ്‌മെന്റ് കർശന മുന്നറിയിപ്പ് നൽകി.

## Article Content

തിരുവനന്തപുരം: **[** സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ വലിയ രീതിയിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന വ്യാജേന ലിങ്കുകൾ സഹിതമാണ് വാട്സ്ആപ്പ് വഴി തട്ടിപ്പ് സന്ദേശങ്ങൾ പടരുന്നത്. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പൊതുജനങ്ങൾ കെണിയിൽ വീഴരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മിൽമ മാനേജ്‌മെന്റ് കർശന മുന്നറിയിപ്പ് നൽകി.

വാട്സ്ആപ്പിൽ വന്ന വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും, തുടർന്ന് ചോദിച്ച വ്യക്തിഗത വിവരങ്ങൾ കൈമാറുകയും ചെയ്ത ചിലർക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. പണം നഷ്ടമായ ഇരകൾ മിൽമയ്ക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.

നിലവിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വ്യക്തികൾ വഴിയും ഈ തട്ടിപ്പ് ലിങ്ക് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആരും ഇത്തരം ലിങ്കുകൾ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യരുതെന്ന് മിൽമ അഭ്യർത്ഥിച്ചു.

46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ വിപണിയിലെ വിശ്വാസ്യതയെ തകർക്കാനും പൊതുജനങ്ങളെ ചൂഷണം ചെയ്യാനുമാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള നിയമനടപടികൾ ആരംഭിച്ചതായി മിൽമ അറിയിച്ചു. ഈ സൈബർ തട്ടിപ്പിനെതിരെയും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മിൽമ അധികൃതർ പോലീസിനും സൈബർ സെല്ലിനും ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്.

ഔദ്യോഗികമായ അറിയിപ്പുകൾ മിൽമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രമേ ലഭ്യമാകൂ. ഇത്തരം അജ്ഞാത ലിങ്കുകളോട് പ്രതികരിക്കാതിരിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367190/fake-gift-scheme-on-whatsapp-in-the-name-of-milma)