---
title: "തൃപ്രയാർ കവർച്ച: മുളകുപൊടി സ്പ്രേ ചെയ്ത് 16 ലക്ഷം കവർന്ന സംഘത്തിന്റെ കാർ കണ്ടെത്തി; പിന്നിൽ എട്ടംഗ സംഘമെന്ന് സൂചന, അന്വേഷണം ഊർജ്ജിതം"
english_title: "Triprayar robbery case, the car used by the accused has been recovered, Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367135/triprayar-robbery-case-the-car-used-by-the-accused-has-been-recovered-palakkad"
published_at: "2026-06-20T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3648c3d1304_Triprayar_robbery_case.jpg"
keywords: ["Latest News", "Triprayar Robbery Case", "Palakkad"]
---

# തൃപ്രയാർ കവർച്ച: മുളകുപൊടി സ്പ്രേ ചെയ്ത് 16 ലക്ഷം കവർന്ന സംഘത്തിന്റെ കാർ കണ്ടെത്തി; പിന്നിൽ എട്ടംഗ സംഘമെന്ന് സൂചന, അന്വേഷണം ഊർജ്ജിതം

> **Lead Summary:** പാലക്കാട്: തൃപ്രയാറിൽ നാലംഗ സംഘത്തെ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കണ്ടെടുത്തു. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കോട്ടൂർ ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം. കവർച്ചയ്ക്ക് ശേഷം പ്രതികൾ കാർ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് നിഗമനം.

## Article Content

പാലക്കാട്: തൃപ്രയാറിൽ നാലംഗ സംഘത്തെ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കണ്ടെടുത്തു. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കോട്ടൂർ ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം. കവർച്ചയ്ക്ക് ശേഷം പ്രതികൾ കാർ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് നിഗമനം.

കണ്ടെടുത്ത കാറിൽ ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തി നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് വാടകയ്‌ക്കെടുത്ത വാഹനമാണെന്നും അഴീക്കോട് സ്വദേശിയുടേതാണെന്നും തിരിച്ചറിഞ്ഞു. എട്ടംഗ സംഘമാണ് ഈ ആസൂത്രിത കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

വെള്ളിയാഴ്ച രാത്രി 8.45 ഓടെ തൃപ്രയാർ കിഴക്കേ നടയിൽ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന്‌ സമീപമാണ് കവർച്ച നടന്നത്. പാലക്കാട് സ്വദേശികളായ നാലുപേരാണ് ആക്രമണത്തിനിരയായത്. പട്ടാമ്പിയിലെ കോൺ​ഗ്രസ് പഞ്ചായത്ത് അം​ഗം മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ 16 ലക്ഷം രൂപ ഡോളർ ആക്കി മാറ്റാൻ വന്നപ്പോഴായിരുന്നു ആക്രമണം. കുഴൽപണ ഇടപാടായിരുന്നുവെന്നാണ് വിവരം. ഇന്നോവയിൽ എത്തിയ സംഘം കാറിന്റെ ചില്ല് തകർത്ത്‌ യാത്രികർക്ക്‌ നേരെ മുളകുപൊടി സ്‌പ്രേ ചെയ്‌ത ശേഷം കത്തികാട്ടിയാണ്‌ പണം കവർന്നത്‌.

ചില്ല് തകർക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന് ഇരയായ നാലുപേരുടേയും മൊഴി അന്തിക്കാട് പൊലീസ് രേഖപ്പെടുത്തി. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട് തങ്ങളെ വിളിച്ചുവരുത്തിയതാണെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. പൊലീസ് വിശദ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367135/triprayar-robbery-case-the-car-used-by-the-accused-has-been-recovered-palakkad)