---
title: "മെസ്സിയുടെ വിവാദ ഫൗളിന് ചുവപ്പ് കാർഡ് നൽകിയില്ല; ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകി അൾജീരിയ"
english_title: "Algeria officially complains to FIFA over Messi's controversial foul, no red card"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367118/algeria-officially-complains-to-fifa-over-messis-controversial-foul-no-red-card"
published_at: "2026-06-20T12:38:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a363d04e5df5_messi.jpg"
keywords: ["FIFA WORLD CUP 2026", "SPORTS", "MESSI", "ALGERIA"]
---

# മെസ്സിയുടെ വിവാദ ഫൗളിന് ചുവപ്പ് കാർഡ് നൽകിയില്ല; ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകി അൾജീരിയ

> **Lead Summary:** ലോസ് ആഞ്ചലസ്: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ വിവാദ ഫൗളിൽ ചുവപ്പ് കാർഡ് നൽകാത്തതിനെതിരെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി പരാതി നൽകി അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ. മത്സരത്തിൽ റഫറിയും വി.എ.ആർ സംവിധാനവും കൃത്യമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അൾജീരിയ ഫിഫയെ സമീപിച്ചത്.

## Article Content

ലോസ് ആഞ്ചലസ്: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ വിവാദ ഫൗളിൽ ചുവപ്പ് കാർഡ് നൽകാത്തതിനെതിരെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി പരാതി നൽകി അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ. മത്സരത്തിൽ റഫറിയും വി.എ.ആർ സംവിധാനവും കൃത്യമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അൾജീരിയ ഫിഫയെ സമീപിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച കാൻസാസ് സിറ്റിയിൽ നടന്ന ഗ്രൂപ്പ് 'ജെ' മത്സരത്തിന്റെ 31-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം നടന്നത്. അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ മെസ്സി പുറകിൽ നിന്ന് ബൂട്ടിന്റെ സ്റ്റഡുകൾ ഉയർത്തി കാലിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഈ ഫൗളിന് മെസ്സിക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കണമായിരുന്നെന്നാണ് അൾജീരിയയുടെ വാദം.

 മെസ്സിയുടെ ഫൗളിന് പുറമെ, അർജന്റീനൻ താരങ്ങളുടെ ഭാഗത്തുനിന്ന് രണ്ട് തവണ കൈമുട്ട് കൊണ്ടുള്ള ഫൗളുകൾ ഉണ്ടായിട്ടും റഫറിയോ വി.എ.ആറോ ഇടപെട്ടില്ലെന്ന് അൾജീരിയ ആരോപിക്കുന്നു.

> "അർജന്റീന ശക്തരായ ടീമല്ല എന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ കൺമുന്നിൽ നടന്ന അനീതിക്കെതിരെ ഞങ്ങൾക്ക് മിണ്ടാതിരിക്കാനാകില്ല. മെസ്സിയുടെ ഫൗൾ ചുവപ്പ് കാർഡ് അർഹിക്കുന്നതായിരുന്നു. വി.എ.ആർ പോലും ഇടപെടാതിരുന്ന മൂന്ന് വ്യക്തമായ നിയമലംഘനങ്ങളാണ് മത്സരത്തിൽ നടന്നത്," - അൾജീരിയൻ ഫെഡറേഷൻ വക്താവ് വ്യക്തമാക്കി.

വിവാദങ്ങൾക്കിടയിലും മത്സരത്തിൽ ലയണൽ മെസ്സി ഹാട്രിക് നേടി തിളങ്ങിയിരുന്നു. ഫൗൾ നടക്കുന്നതിന് തൊട്ടുമുമ്പ് അർജന്റീനയെ മുന്നിലെത്തിച്ച മെസ്സി, പിന്നീട് രണ്ട് ഗോളുകൾ കൂടി നേടി ഹാട്രിക് തികയ്ക്കുകയായിരുന്നു. മെസ്സിയുടെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക്കാണിത്.

ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ തിങ്കളാഴ്ച അൾജീരിയ ജോർദാനെയും, അർജന്റീന ഓസ്ട്രിയയെയും നേരിടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367118/algeria-officially-complains-to-fifa-over-messis-controversial-foul-no-red-card)