---
title: "ഓടികേറുമ്പോ ഓർത്തോട്ടോ...!  ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ;  പിഴ തുക ഇരട്ടിയാക്കി കൂട്ടി ഇന്ത്യൻ റെയിൽവേ"
english_title: "Indian Railways increases fines for ticketless travel on trains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367097/indian-railways-increases-fines-for-ticketless-travel-on-trains"
published_at: "2026-06-20T11:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5826efbec_train.jpg"
keywords: ["Latest News", "Indian Railway", "Ticketless Travel", "Fine"]
---

# ഓടികേറുമ്പോ ഓർത്തോട്ടോ...!  ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ;  പിഴ തുക ഇരട്ടിയാക്കി കൂട്ടി ഇന്ത്യൻ റെയിൽവേ

> **Lead Summary:** **തിരുവനന്തപുരം: **ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ തുക കുത്തനെ കൂട്ടി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള കുറഞ്ഞ പിഴ തുകയായ 250 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്.

## Article Content

**തിരുവനന്തപുരം: **ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ തുക കുത്തനെ കൂട്ടി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള കുറഞ്ഞ പിഴ തുകയായ 250 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്.

ജൂലൈ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് റെയിൽവേയുടെ നീക്കം. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. ജൂലൈ ഒന്നിന് ശേഷം ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാർ യഥാർത്ഥ യാത്രാനിരക്കിന് പുറമെ 500 രൂപ കൂടി അധികമായി പിഴയായി ഒടുക്കേണ്ടി വരും.

ട്രെയിനുകളിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും അനധികൃത യാത്രകൾ തടയാനുമാണ് ഈ കർശന നടപടി. വനിതകൾക്കായി മാത്രം സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ സീറ്റുകളിലോ അനുമതിയില്ലാതെ പ്രവേശിക്കുന്ന പുരുഷന്മാർക്കെതിരെയും റെയിൽവേ നടപടി കടുപ്പിച്ചു.

ഇത്തരക്കാരിൽ നിന്ന് നിയമലംഘനത്തിന്റെ വ്യാപ്തിയനുസരിച്ച് 500 രൂപ മുതൽ 2,500 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക പരിശോധനകൾ നടത്തും.

യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായി മറ്റ് പല നിയമലംഘനങ്ങൾക്കുമുള്ള ശിക്ഷയും റെയിൽവേ പുതുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലോ ട്രെയിനുകളിലോ അനുമതിയില്ലാതെ കച്ചവടം നടത്തുന്നവർക്കും ഭിക്ഷാടനം നടത്തുന്നവർക്കും 2,000 രൂപ പിഴ ചുമത്തും.

കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കും. ട്രെയിനുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കും അസഭ്യം പറയുന്നവർക്കും 1,000 രൂപ വരെ പിഴയും തടവും ശിക്ഷയായി ലഭിക്കും.

ട്രെയിനുകളിൽ പടക്കങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വർഷം വരെ തടവും ശിക്ഷ വിധിക്കും.

ടിക്കറ്റ് പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ടിടിഇമാരെയും ആർപിഎഫ് ഉദ്യോഗസ്ഥരെയും സ്റ്റേഷനുകളിലും ട്രെയിനുകളിലും വിന്യസിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367097/indian-railways-increases-fines-for-ticketless-travel-on-trains)