---
title: "പതിനഞ്ച് വയസ്സുകാരിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോന്നിയിൽ 24കാരൻ അറസ്റ്റിൽ "
english_title: "24-year-old arrested for raping 15-year-old girl multiple times and impregnating her in Konni"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367023/24-year-old-arrested-for-raping-15-year-old-girl-multiple-times-and-impregnating-her-in-konni"
published_at: "2026-06-19T21:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b490c4af3_police.1697912334.jpg"
keywords: ["Latest News", "Konni", "Rape Case", "Police Case"]
---

# പതിനഞ്ച് വയസ്സുകാരിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോന്നിയിൽ 24കാരൻ അറസ്റ്റിൽ 

> **Lead Summary:** **പത്തനംതിട്ട: **പതിനഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**പത്തനംതിട്ട: **പതിനഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു.

കോന്നി അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്കുണ്ടായിരുന്ന അടുത്ത പരിചയം മുതലെടുത്തായിരുന്നു ക്രൂരത.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി ഇവിടെയെത്തിയാണ് ഇയാൾ പെൺകുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയുടെ ശാരീരിക മാറ്റങ്ങളിലും പെരുമാറ്റത്തിലും മാതാപിതാക്കൾക്ക് സംശയം തോന്നിയിരുന്നു.

തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

ഇതിന് പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തണ്ണിത്തോട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ ഉടനടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367023/24-year-old-arrested-for-raping-15-year-old-girl-multiple-times-and-impregnating-her-in-konni)