---
title: "'വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം' - അസി. കലക്ടര്‍ മാളവിക ജി നായര്‍"
english_title: "District-level inauguration of the Reading Week celebrations was held by Assistant Collector Malavika G Nair,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366999/district-level-inauguration-of-the-reading-week-celebrations-was-held-by-assistant-collector-malavika-g-nair"
published_at: "2026-06-19T17:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a353215a2801_malavika.jpg"
keywords: ["Reading", "Asst. Collector Malavika G Nair", "Reading Day", "Chalappuram Govt. Ganapath Model Girls H.S.S."]
---

# 'വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം' - അസി. കലക്ടര്‍ മാളവിക ജി നായര്‍

> **Lead Summary:** ** **വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് അസി. കലക്ടര്‍ മാളവിക ജി നായര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വായനദിന, വായന പക്ഷാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.

## Article Content

** **വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് അസി. കലക്ടര്‍ മാളവിക ജി നായര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വായനദിന, വായന പക്ഷാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.

ഡിജിറ്റല്‍ യുഗത്തില്‍ വായിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും വായനഭിരുചി വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ കാലഘട്ടം മുതലേ ശ്രമം ആരംഭിക്കുകയും വേണമെന്നും അസി. കലക്ടര്‍ പറഞ്ഞു.

വായനയില്‍നിന്ന് ലഭിക്കുന്ന ഊര്‍ജവും വിവേകവും സാമൂഹിക മാറ്റത്തിനായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്നാണ് പി എന്‍ പണിക്കര്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ നല്‍കിയ സന്ദേശമെന്ന് പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരന്‍ യു കെ കുമാരന്‍ പറഞ്ഞു.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. എം രാജന്‍ അധ്യക്ഷനായി. ജി.എം.ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എന്‍ പവിത്രന്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. ഐ.പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ബിനു, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ടി സുജാത, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി വി പി ശ്യാംകുമാര്‍, സി രമേഷ്, ഇ അനേഷ്, ഐ.പി.ആര്‍.ഡി ജില്ലാ അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയുള്ള വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366999/district-level-inauguration-of-the-reading-week-celebrations-was-held-by-assistant-collector-malavika-g-nair)