---
title: "ഒരു കയ്യിൽ കോടാലി, മറുകയ്യിൽ ഭരണഘടന; രാഹുലിനെ പരശുരാമനാക്കി വാരണാസിയിൽ കോൺഗ്രസിന്റെ പോസ്റ്റർ, സംഭവം വിവാദത്തിൽ"
english_title: "Rahul Gandhi, Parashurama Poster, Congress, Varanasi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366987/rahul-gandhi-parashurama-poster-congress-varanasi"
published_at: "2026-06-19T16:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3521d894533_Rahul_Gandhi_Parashurama_Poster.jpg"
keywords: ["Latest News", "Rahul Gandhi", "Parashurama Poster", "Congress", "Varanasi"]
---

# ഒരു കയ്യിൽ കോടാലി, മറുകയ്യിൽ ഭരണഘടന; രാഹുലിനെ പരശുരാമനാക്കി വാരണാസിയിൽ കോൺഗ്രസിന്റെ പോസ്റ്റർ, സംഭവം വിവാദത്തിൽ

> **Lead Summary:** വാരണാസി: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ വാരണാസിയിൽ വിവാദ പോസ്റ്റർ. രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

## Article Content

വാരണാസി: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ വാരണാസിയിൽ വിവാദ പോസ്റ്റർ. രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

ഒരു കയ്യിൽ കോടാലിയും മറുകയ്യിൽ ഇന്ത്യൻ ഭരണഘടനയും ഏന്തിനിൽക്കുന്ന രൂപത്തിലാണ് രാഹുലിനെ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാതീരത്ത് വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ പ്രവർത്തകർ ഈ പോസ്റ്ററിൽ പാൽ അഭിഷേകം നടത്തുകയും മന്ത്രങ്ങൾ പറയുകയും ചെയ്തു.

ഇതിന് പുറമെ 11 കിലോ തൂക്കമുള്ള ലഡു കേക്ക് മുറിക്കുകയും രാഹുൽ ഗാന്ധിയുടെ ദീർഘായുസ്സിനായി പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. രാഹുൽ ഗാന്ധിയെ പരശുരാമനുമായി ഉപമിച്ച കോൺഗ്രസ് നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഉയരുന്നുണ്ട്.

ഇത് തങ്ങളുടെ നേതാവിനോടുള്ള വൈകാരികമായ അടുപ്പം മൂലമുണ്ടായതാണെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം. പരശുരാമൻ എങ്ങനെയാണോ ഭൂമിയിലെ തിന്മകളെ തുടച്ചുനീക്കിയത്, അതുപോലെ രാഹുൽ ഗാന്ധിയും രാജ്യത്തെ തിന്മയുടെ ശക്തികൾക്കെതിരെ പോരാടുകയാണെന്നും അവർ പ്രതികരിച്ചു.

പരിപാടി സംഘടിപ്പിച്ചവർ പരശുരാമന്റെ വംശപരമ്പരയിൽ പെട്ട ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ളവരാണെന്നും തങ്ങളുടെ വികാര പ്രകടനമാണ് അവർ നടത്തിയതെന്നും കോൺഗ്രസ് വക്താവ് അലോക് ശർമ്മയും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366987/rahul-gandhi-parashurama-poster-congress-varanasi)