---
title: "മനസ്സ് തുറക്കൂ ....: യാത്രക്കാരുടെ അഭിപ്രായങ്ങൾക്കും ഇനി മുൻഗണന; കെഎസ്ആർടിസി ചലോ ആപ്പിൽ പുതിയ ഫീഡ്‌ബാക്ക് സംവിധാനം"
english_title: "New feedback system in KSRTC Chalo app"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366901/new-feedback-system-in-ksrtc-chalo-app"
published_at: "2026-06-19T11:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34dac0a88ab_kstb.jpg"
keywords: ["Feedback", "KSRTC", "KSRTC Chalo", "Feedback - Rating", "Priyadarshini Free Ride"]
---

# മനസ്സ് തുറക്കൂ ....: യാത്രക്കാരുടെ അഭിപ്രായങ്ങൾക്കും ഇനി മുൻഗണന; കെഎസ്ആർടിസി ചലോ ആപ്പിൽ പുതിയ ഫീഡ്‌ബാക്ക് സംവിധാനം

> **Lead Summary:** **തിരുവനന്തപുരം: ** യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സ്വീകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കെഎസ്ആർടിസി പുതിയ ഫീഡ്‌ബാക്ക് - റേറ്റിംഗ് സംവിധാനം ആരംഭിച്ചു.

## Article Content

**തിരുവനന്തപുരം: ** യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സ്വീകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കെഎസ്ആർടിസി പുതിയ ഫീഡ്‌ബാക്ക് - റേറ്റിംഗ് സംവിധാനം ആരംഭിച്ചു.

'കെഎസ്ആർടിസി ചലോ'  മൊബൈൽ ആപ്പിലാണ് പുതിയ ഫീഡ്‌ബാക്ക് - റേറ്റിംഗ് സംവിധാനം ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അവയെ അടിസ്ഥാനമാക്കി സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. പ്രിയദർശിനി സൗജന്യ യാത്രക്കാർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഫീഡ്ബാക്ക് നൽകാമെന്ന് കെഎസ്ആർടിസി അറിയിച്ചു.

യാത്രക്കാർക്ക് ഓരോ യാത്രയ്ക്കു ശേഷവും തങ്ങളുടെ യാത്രാനുഭവം കെഎസ്ആർടിസി ചലോ ആപ്പ് വഴി രേഖപ്പെടുത്താം. യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് റേറ്റിംഗ് നൽകുന്നതിനൊപ്പം യാത്രക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താം.

ചലോ ആപ്പിലൂടെ ലഭിക്കുന്ന ഫീഡ്‌ബാക്കുകൾ ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ശേഖരിച്ച് വിശകലനം ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓരോ സർവീസിന്റെയും പ്രകടനം, ജീവനക്കാരുടെ സേവന മികവ്, യാത്രക്കാരുടെ സംതൃപ്തി എന്നിവ വിലയിരുത്തുന്നതിനും മികച്ച സേവനം നൽകുന്ന ജീവനക്കാരെയും സർവീസുകളെയും തിരിച്ചറിയുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും.

അതോടൊപ്പം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്ന പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. ഈ സാഹചര്യത്തിൽ വനിതാ യാത്രക്കാരുടെ സുരക്ഷ, സൗകര്യം, സംതൃപ്തി എന്നിവ പ്രത്യേകം വിലയിരുത്തുന്നതിനും അവരുടെ യാത്രാനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീഡ്‌ബാക്ക് സംവിധാനം സഹായകമാകും. വനിതാ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പദ്ധതിയുടെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366901/new-feedback-system-in-ksrtc-chalo-app)