---
title: "ജോലി വാഗ്ദാനം നൽകി ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു; മലയാളി യുവതിക്കു നേരെ ലൈംഗികാതിക്രമ ശ്രമം, ലോറി ഡ്രൈവർ അറസ്റ്റിൽ"
english_title: "Lorry driver arrested for attempted sexual assault on Malayali woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366863/lorry-driver-arrested-for-attempted-sexual-assault-on-malayali-woman"
published_at: "2026-06-19T09:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34b9b5d8cf7_RAPE_CASE.jpg"
keywords: ["Latest News", "Sexual Assault Case", "Lorry Driver", "Police Case"]
---

# ജോലി വാഗ്ദാനം നൽകി ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു; മലയാളി യുവതിക്കു നേരെ ലൈംഗികാതിക്രമ ശ്രമം, ലോറി ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **തിരുപ്പൂർ: ന**ഗരത്തിൽ ജോലി തേടി എത്തിയ മലയാളി യുവതിക്കു നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ.

## Article Content

**തിരുപ്പൂർ: ന**ഗരത്തിൽ ജോലി തേടി എത്തിയ മലയാളി യുവതിക്കു നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ.

തിരുപ്പൂരിൽ ലോറി ഡ്രൈവറായ യാസിർബാബു നഗർ സ്വദേശി ഫൈസൽ അഹമ്മദിനെയാണു തിരുപ്പൂർ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ട്രെയിനിൽ തിരുപ്പൂരിലെത്തിയ 25 വയസ്സുകാരി കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12നു സെൻട്രൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു.

അതുവഴി വന്ന യുവാവ് യുവതിയുമായി സംസാരിക്കുകയും താൻ വസ്‌ത്രനിർമാണ സ്‌ഥാപനത്തിൽ ജോലിചെയ്യുന്ന ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നൽകി ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. രാത്രി ഒരുമണിയോടെ തിരുപ്പൂർ നല്ലൂരിനു സമീപം പുതുപ്പാളയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഓടിരക്ഷപ്പെട്ട യുവതി രാത്രിയിൽ തുറന്നുപ്രവർത്തിച്ചിരുന്ന ബേക്കറിയിലെത്തി വിവരം അറിയിച്ചു. ബേക്കറി തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് നല്ലൂർ പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.

സെൻട്രൽ ബസ് സ്റ്റാൻഡിലെയും പുതുപ്പാളയം ഭാഗത്തെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

ഇതര സംസ്ഥാനങ്ങളിലേക്കും വിവിധ ജില്ലകളിലേക്കും ഉൾപ്പെടെ ലോഡുമായി പോകാറുള്ള യുവാവ് ലോഡുമായി പോയി തിരികെ എത്തിയശേഷം മദ്യപിച്ച് വരുന്നതിനിടെയാണു യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366863/lorry-driver-arrested-for-attempted-sexual-assault-on-malayali-woman)