---
title: "'തന്റെ ചോരക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നു'; ഭാര്യയെ മർദിച്ചെന്ന പരാതിക്ക് പിന്നാലെ രാജിക്കത്ത് കൈമാറി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ്"
english_title: "BJP Thrissur South District President submits resignation letter after complaint of beating his wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366857/bjp-thrissur-south-district-president-submits-resignation-letter-after-complaint-of-beating-his-wife"
published_at: "2026-06-19T08:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34b1e711b77_bjp.jpg"
keywords: ["Latest News", "BJP Thrissur South District President", "A R Sreekumar"]
---

# 'തന്റെ ചോരക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നു'; ഭാര്യയെ മർദിച്ചെന്ന പരാതിക്ക് പിന്നാലെ രാജിക്കത്ത് കൈമാറി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ്

> **Lead Summary:** **തൃശൂർ : **ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ.

## Article Content

**തൃശൂർ : **ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്.

തന്റെ ചോരക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നുവെന്ന് എ ആർ ശ്രീകുമാർ രാജിക്കത്തിൽ പറയുന്നു. ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.

എ ആർ ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക ഈ മാസം ഒമ്പതിനാണ് തന്നെ മർദിച്ചു എന്ന് കാണിച്ച് മതിലകം പോലീസിൽ പരാതി നൽകുന്നത്. സ്വന്തം വീട്ടിൽ പോയ താൻ മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്നും തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു പ്രിയങ്ക ശ്രീകുമാറിനെതിരെ പോലീസിൽ നൽകിയ പരാതി.

വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മതിലകം പോലീസ് സംഭവത്തിൽ കേസെടുത്തെങ്കിലും ശ്രീകുമാർ മുൻകൂർ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താൽക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.

എ.ആർ ശ്രീകുമാറിനെതിരെ മർദനത്തിന് പരാതി നൽകിയ ഭാര്യക്കും കുടുംബത്തിനും നേരെ ഗുണ്ടയുടെ ഭീഷണിയുണ്ടായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ അറസ്റ്റ് ചെയ്തു. ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.

ഗിരീഷിന് പിന്നാലെ താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അജ്ഞാതരായ രണ്ടുപേർ കൂടി എത്തി അമ്മയെ ഭീഷണിപ്പെടുത്തിയതായും പ്രിയങ്ക പറയുന്നു. അതേസമയം കേസിൽ നിയമനടപടി തുടരാനാണ് പ്രിയങ്കയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366857/bjp-thrissur-south-district-president-submits-resignation-letter-after-complaint-of-beating-his-wife)