---
title: "'ദിവസങ്ങളായി പിന്‍തുടര്‍ന്നു, ഒളിച്ചിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തി'; ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത് "
english_title: "Anganwadi worker in Gavi strangled to death after rape, accused confesses to murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366802/anganwadi-worker-in-gavi-strangled-to-death-after-rape-accused-confesses-to-murder"
published_at: "2026-06-18T17:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33e1009a2fa_gavi.jpg"
keywords: ["Latest News", "Anganwadi Worker Death", "Gavi", "Rape Case", "Murder"]
---

# 'ദിവസങ്ങളായി പിന്‍തുടര്‍ന്നു, ഒളിച്ചിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തി'; ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത് 

> **Lead Summary:** **പത്തനംതിട്ട : **ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്.

## Article Content

**പത്തനംതിട്ട : **ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്.

സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം.

യുവതിയെ ദിവസങ്ങളായി പിന്‍തുടര്‍ന്നു, ഒളിച്ചിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തിത്തുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. ഇതിനിടെയാണ് ഇവിടുത്തെ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരികയും ചെയ്യുന്ന യുവതിയെ പ്രതി നിരീക്ഷിക്കുന്നത്.

തുടർന്ന് ഇന്ന് രാവിലെ പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

താന്‍ അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്ന് വിവരം. സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ഫോൺ പെട്ടെന്ന് കട്ടായതോടെ വന്യജീവി ആക്രമണമാണെന്ന് ബന്ധുക്കൾ സംശയിച്ചു. ഇതോടെ അങ്കണവാടിയിലേക്കുള്ള മൂന്നു കിലോമീറ്ററോളം ദൂരം ബന്ധുക്കള്‍ യുവതിയെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അങ്കണവാടിയ്ക്ക് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തുകയാണ് ഉണ്ടായത്. ഉടൻ തന്നെ മൂഴിയാർ പൊലീസിൽ വിവരം അറിയിച്ചു.

ഇതിനിടെ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയതായുള്ള വിവരം പൊലീസിന് ലഭിച്ചു. കൂടാതെ പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസില്‍ കയറി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും ദൃക്സാക്ഷിയെന്ന് കരുതുന്നയാൾ പൊലീസിനെ അറിയിച്ചിരുന്നു. വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും സന്ദേശം കൂടി ലഭിച്ചതോടെ പൊലീസ് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു.

പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയമാണ് ഉയരുന്നത്. വീട്ടില്‍ നിന്നും ദിവസവും നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോയിരുന്നത്. മൂന്ന് വർഷത്തിലധികമായി യുവതി അങ്കണവാടിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് കിലോമീറ്റർ ദൂരമാണ് യുവതിയുടെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്കുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366802/anganwadi-worker-in-gavi-strangled-to-death-after-rape-accused-confesses-to-murder)