---
title: "'പരാതി പിൻവലിച്ചില്ലെങ്കിൽ വകവരുത്തും'; ബിജെപി നേതാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ ഗുണ്ടാ നേതാവ് പിടിയിൽ"
english_title: "Goons threaten BJP leader's wife, goon leader arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366800/goons-threaten-bjp-leaders-wife-goon-leader-arrested"
published_at: "2026-06-18T17:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33e09de690b_Goons_threaten_BJP_leaders_wife,_goon_leader_arrested.jpg"
keywords: ["Latest News", "Thrissur", "BJP", "AR Sreekumar", "Mathilakam Police"]
---

# 'പരാതി പിൻവലിച്ചില്ലെങ്കിൽ വകവരുത്തും'; ബിജെപി നേതാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ ഗുണ്ടാ നേതാവ് പിടിയിൽ

> **Lead Summary:** തൃശൂർ: ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെയുള്ള ഗാർഹിക പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ.

## Article Content

തൃശൂർ: ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെയുള്ള ഗാർഹിക പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ.

കൊലപാതകം, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലാടൻ ഗിരീഷിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ നിർദേശപ്രകാരമാണ് ഗിരീഷ് തന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതെന്ന് ഭാര്യ പ്രിയങ്ക പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

നേരത്തെ, പ്രിയങ്കയെ ക്രൂരമായി മർദ്ദിച്ച'തിന് ശ്രീകുമാറിനെതിരേയാണ് വധശ്രമത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനും വൈകി വന്നതിനുമാണ് ശ്രീകുമാർ മർദിച്ചതെന്ന് പ്രിയങ്ക പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

തല ചുമരിലിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. സംഭവത്തിൽ ശ്രീകുമാറിനെതിരെ വധശ്രമം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി നേരത്തെ കേസെടുത്തിരുന്നു.

ശ്രീകുമാറിനെതിരെയുള്ള കേസ് പിൻവലിക്കണമെന്നും കോടതിയിൽ ഇയാൾക്ക് അനുകൂലമായി മൊഴി നൽകണമെന്നും ആവശ്യപ്പെട്ടാണ് കല്ലാടൻ ഗിരീഷ് പ്രിയങ്കയുടെ പുതിയകാവിലെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് പുതിയ പരാതി.

പരാതി പിൻവലിച്ചില്ലെങ്കിൽ വകവരുത്തുമെന്നും ‘പണി തരുമെന്നും’ ഗിരീഷ് ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഈ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ മതിലകം പോലീസ് എ.ആർ. ശ്രീകുമാറിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 332(c), 351(2), 232(1), 3(5) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായ ഗിരീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മർദനക്കേസിൽ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലായതിനാൽ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366800/goons-threaten-bjp-leaders-wife-goon-leader-arrested)