---
title: "ക്രിക്കറ്റ് പരിശീലനത്തിന് എത്തുന്ന പെൺകുട്ടികൾക്ക് വനിതാ കോച്ചുകൾ നിർബന്ധം; കർശന നിർദ്ദേശങ്ങളുമായി മനുഷ്യാവകാശ കമ്മീഷൻ"
english_title: "Human Rights Commission issues guidelines for female coaches to train girls in cricket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366795/human-rights-commission-issues-guidelines-for-female-coaches-to-train-girls-in-cricket"
published_at: "2026-06-18T17:16:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33db0349531_FRGHDRFGH.jpg"
keywords: ["LATEST NEWS", "Human Rights Commission", "female coaches", "cricket"]
---

# ക്രിക്കറ്റ് പരിശീലനത്തിന് എത്തുന്ന പെൺകുട്ടികൾക്ക് വനിതാ കോച്ചുകൾ നിർബന്ധം; കർശന നിർദ്ദേശങ്ങളുമായി മനുഷ്യാവകാശ കമ്മീഷൻ

> **Lead Summary:** തിരുവനന്തപുരം: **[**സംസ്ഥാനത്ത് ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വനിതാ കോച്ചുകളെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് കർശന നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കെ.സി.എയുടെ കീഴിലെ പരിശീലന കേന്ദ്രങ്ങളിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ വാർത്തകളെ തുടർന്ന് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

തിരുവനന്തപുരം: **[**സംസ്ഥാനത്ത് ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വനിതാ കോച്ചുകളെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് കർശന നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കെ.സി.എയുടെ കീഴിലെ പരിശീലന കേന്ദ്രങ്ങളിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ വാർത്തകളെ തുടർന്ന് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം: വനിതാ കോച്ചുകൾ ലഭ്യമല്ലാത്ത സാഹചര്യമാണെങ്കിൽ, പരിശീലന സമയത്ത് മുതിർന്ന ഒരു വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം നിർബന്ധമായും ഉറപ്പാക്കണം.

 പെൺകുട്ടികൾ വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാരുടെ പ്രവേശനം പൂർണ്ണമായും വിലക്കണം. ഇതിനായി പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.

പരിശീലന സ്ഥലത്ത് തുടരാൻ താൽപ്പര്യമുള്ള മാതാപിതാക്കളെ അതിനായി അനുവദിക്കണം. സുരക്ഷയ്ക്കായി പരിശീലന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഈ ദൃശ്യങ്ങൾ പരിശോധിച്ച് സംശയകരമായി എന്തെങ്കിലും കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണം.

കെ.സി.എയിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക 'ചൈൽഡ് പ്രൊട്ടക്ഷൻ പോളിസി'ക്ക് രൂപം നൽകണം. പരിശീലകർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണമെന്നും, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാൻ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ICC) രൂപീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അസിസ്റ്റന്റ് കോച്ചിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പീഡനാരോപണം ഉൾപ്പെടെയുള്ള കേസുകൾ അതീവ ഗൗരവത്തോടെ കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

പ്രതിയായ പരിശീലകനെതിരെ നിലവിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആറ് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ നിലവിൽ വിചാരണ നേരിടുന്നതിനാൽ മറ്റ് അസോസിയേഷനുകളൊന്നും ഇയാളുമായി സഹകരിക്കരുതെന്ന കെ.സി.എയുടെ നിർദ്ദേശം ജില്ലാ തലങ്ങളിൽ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കമ്മീഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366795/human-rights-commission-issues-guidelines-for-female-coaches-to-train-girls-in-cricket)