---
title: "കറുത്ത വർഗ്ഗക്കാരായ കുഞ്ഞുങ്ങളുടെ രൂപം, കത്തികൊണ്ട് മുറിച്ചും തല്ലിയും 'സമ്മർദ്ദം' തീർക്കൽ; ചൈനീസ് പാവകൾക്കെതിരെ വൻ പ്രതിഷേധം"
english_title: "Massive protests against Chinese 'Natasha Dolls'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366793/massive-protests-against-chinese-natasha-dolls"
published_at: "2026-06-18T17:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33d89b2b380_Natasha_Dolls.jpg"
keywords: ["Latest News", "Natasha Doll", "Social Media Trend", "Natasha Doll Trend"]
---

# കറുത്ത വർഗ്ഗക്കാരായ കുഞ്ഞുങ്ങളുടെ രൂപം, കത്തികൊണ്ട് മുറിച്ചും തല്ലിയും 'സമ്മർദ്ദം' തീർക്കൽ; ചൈനീസ് പാവകൾക്കെതിരെ വൻ പ്രതിഷേധം

> **Lead Summary:** ബീജിംഗ്: ചൈനയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനെന്ന പേരിൽ വിൽക്കപ്പെടുന്ന 'നതാഷാ പാവകൾ' വലിയ അന്താരാഷ്ട്ര വിവാദത്തിലേക്ക്. കറുത്ത വർഗ്ഗക്കാരിയായ പെൺകുഞ്ഞിന്റെ രൂപത്തിലുള്ള ഈ കളിപ്പാട്ടങ്ങൾ കടുത്ത വംശീയ അധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകുന്നതായാണ് ഉയരുന്ന പ്രധാന വിമർശനം.

## Article Content

ബീജിംഗ്: ചൈനയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനെന്ന പേരിൽ വിൽക്കപ്പെടുന്ന 'നതാഷാ പാവകൾ' വലിയ അന്താരാഷ്ട്ര വിവാദത്തിലേക്ക്. കറുത്ത വർഗ്ഗക്കാരിയായ പെൺകുഞ്ഞിന്റെ രൂപത്തിലുള്ള ഈ കളിപ്പാട്ടങ്ങൾ കടുത്ത വംശീയ അധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകുന്നതായാണ് ഉയരുന്ന പ്രധാന വിമർശനം.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'റെഡ്‌നോട്ട്' ഉൾപ്പെടെയുള്ളവയിൽ ഈ പാവകളോട് ക്രൂരത കാട്ടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ആഗോളതലത്തിൽ ചർച്ചയായത്.

ചൈനയിലെ ഒരു വ്‌ലോഗര്‍ അബദ്ധത്തില്‍ ഈ കളിപ്പാട്ടം നിലത്തിടുകയും അതിനെ തന്റെ സ്വന്തം മകള്‍ എന്ന് വിളിക്കുകയും ചെയ്തതോടെയാണ് നതാഷാ എന്ന പേരില്‍ ഈ വീഡിയോ ആദ്യം വൈറലായത്. പിന്നീട് മറ്റുള്ളവര്‍ ഇത് അനുകരിക്കാന്‍ തുടങ്ങുകയും കളിപ്പാട്ടത്തോട് ക്രൂരത കാണിക്കുന്ന ദൃശ്യങ്ങള്‍ ട്രെന്‍ഡായി മാറുകയുമായിരുന്നു.

സംഭവം വിവാദമായതോടെ ചൈനയിലെ ഉപഭോക്തൃ സംഘടനകളും മാര്‍ക്കറ്റ് റെഗുലേഷന്‍ വിഭാഗവും ഈ വിഷയത്തില്‍ ഇടപെട്ടു. ചൈനയിലിപ്പോള്‍ ഇത്തരം വീഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ ഈ കളിപ്പാട്ടം കൊണ്ടുവരുന്നതും നിരോധിച്ചു. എങ്കിലും, ഇന്‍സ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴും ഈ ട്രെന്‍ഡ് പടരുകയാണ്.

കളിപ്പാട്ടത്തെ ആളുകള്‍ തങ്ങളുടെ അക്രമാസക്തമായ മാനസികസമ്മര്‍ദ്ദം തീര്‍ക്കാനും വംശീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നതായാണ് വിമര്‍ശനം. ഈ ട്രെന്‍ഡിന് പിന്നില്‍ കടുത്ത വംശീയതയും സ്ത്രീവിരുദ്ധതയുമുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകരും വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ ചരിത്രപരമായി നേരിടുന്ന അവഗണനയുടെയും അക്രമങ്ങളുടെയും മറ്റൊരു രൂപമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ക്രൂരമായ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണുന്നത് കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകം തങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് കുട്ടികളില്‍ ഇത് തെറ്റായ ധാരണകള്‍ ഉണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366793/massive-protests-against-chinese-natasha-dolls)