---
title: "വിവാഹ ശേഷം നരകയാതന, വീട്ടിൽ സിസിടിവി, ഫോണിൽ നിരീക്ഷണം; സ്ത്രീധനപീഡനത്തെത്തുടർന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും വീട്ടുകാരും റിമാൻഡിൽ"
english_title: "Newlywed commits suicide after dowry harassment; husband and family remanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366774/newlywed-commits-suicide-after-dowry-harassment-husband-and-family-remanded"
published_at: "2026-06-18T15:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33484b03794_SUICIDE.jpg"
keywords: ["Latest News", "Suicide Case", "Newlywed", "Dowry Harassment", "Police Case"]
---

# വിവാഹ ശേഷം നരകയാതന, വീട്ടിൽ സിസിടിവി, ഫോണിൽ നിരീക്ഷണം; സ്ത്രീധനപീഡനത്തെത്തുടർന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും വീട്ടുകാരും റിമാൻഡിൽ

> **Lead Summary:** **താനെ: ** വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബന്ധുക്കൾ.

## Article Content

**താനെ: ** വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബന്ധുക്കൾ.

വീടിനകത്തും പുറത്തും സിസിടിവി വെച്ച് യുവതിയെ നിരീക്ഷിക്കുകയും അയൽവാസികളോട് സംസാരിച്ചാൽ പോലും മർദിക്കുകയും ചെയ്തിരുന്നതായി ആരോപണം ഉയർന്നതോടെ ഡോക്ടർ കൂടിയായ ഭർത്താവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ അമ്പർനാഥിലാണ് സംഭവം. 26-കാരിയായ വിശാഖ എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് നിതിൻ തിൽക്കറിനെ കൂടാതെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ വിശാഖ തിൽക്കറെ കണ്ടെത്തിയത്. ഏപ്രിൽ 30 നായിരുന്നു വിശാഖ ഡോ. നിതിൻ തിൽക്കറെ വിവാഹം കഴിച്ചത്.

വിവാഹത്തിന് മുമ്പ് ബന്ധം സൗഹൃദപരമായിരുന്നെങ്കിലും, വിവാഹത്തിന് പിന്നാലെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ കുടുംബം ആരോപിച്ചു. വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളിൽ സംതൃപ്തരല്ലെന്നും, കൂടുതൽ സ്വർണ്ണാഭരണങ്ങളും പണവും ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതായും ആരോപിക്കപ്പെടുന്നു.

കൂടാതെ ഡോ.നിതിൻ തിൽക്കർ ഭാര്യയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായി കുടുംബാംഗങ്ങൾ ആരോപിച്ചു. ദൈനംദിന കാര്യങ്ങളിൽ സംശയങ്ങളുന്നയിച്ച് ചോദ്യം ചെയ്യുകയും അയൽക്കാരുമായി സംസാരിക്കുന്നത് കണ്ടാൽ മർദിക്കുകയും ചെയ്തതായി പറയപ്പെടുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, അയൽക്കാരിയായ ഒരു സ്ത്രീയുമായി സംസാരിച്ചതിന് നിതിൻ വിശാഖയെ മർദിക്കുകയും ചെയ്തിരുന്നു.

ഭർതൃവീട്ടിലെ മർദനം സംബന്ധിച്ച് വിശാഖ അമ്മയോട് സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിശാഖയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ അതിന് മുമ്പുതന്നെ ചൊവ്വാഴ്ച മരണവാർത്തയാണ് തങ്ങൾക്ക് ലഭിച്ചതെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സിസിടിവി ക്യാമറകൾ വീട്ടിൽ സ്ഥാപിച്ചിരുന്നതായും പ്രതിയായ ഭർത്താവ് ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366774/newlywed-commits-suicide-after-dowry-harassment-husband-and-family-remanded)