---
title: "മണൽ ഖനന വൈരാഗ്യം; ഛത്തീസ്ഗഢിൽ ബിജെപി നേതാവുൾപ്പെടെ മൂന്നുപേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു"
english_title: "Three people, including a BJP leader, were burnt to death inside a car in a dispute over sand mining"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366762/three-people-including-a-bjp-leader-were-burnt-to-death-inside-a-car-in-a-dispute-over-sand-mining"
published_at: "2026-06-18T15:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33bb61bd3cf_CHATHISGUD.jpg"
keywords: ["Latest News", "BJP Leader", "Crime News", "Murder", "Sand Mining Rivalry"]
---

# മണൽ ഖനന വൈരാഗ്യം; ഛത്തീസ്ഗഢിൽ ബിജെപി നേതാവുൾപ്പെടെ മൂന്നുപേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

> **Lead Summary:** **റായ്പുർ: **ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു.

## Article Content

**റായ്പുർ: **ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു.

ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്യുവി ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.

ഭരത് സിംഗ് വാഹനത്തിനുള്ളിൽ വെച്ച് തന്നെ മരിച്ചു. നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ബിലാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

മണൽ ഖനന കരാറിനെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണത്തെച്ചൊല്ലിയുള്ള ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിങ്ങനെ നാല് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പത് പേർക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366762/three-people-including-a-bjp-leader-were-burnt-to-death-inside-a-car-in-a-dispute-over-sand-mining)