---
title: "വിദ്യാർത്ഥികളെ കൈകൂപ്പി പറഞ്ഞിട്ടും ബസിൽ കയറ്റിയില്ല; ക്രൂരത കാട്ടിയ കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു"
english_title: "Conductor's license suspended for not boarding students on bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366758/conductors-license-suspended-for-not-boarding-students-on-bus"
published_at: "2026-06-18T14:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33b8c20b727_fdgdrfg.jpg"
keywords: ["latest news", "Conductor's license suspended", "school students", "bus concention"]
---

# വിദ്യാർത്ഥികളെ കൈകൂപ്പി പറഞ്ഞിട്ടും ബസിൽ കയറ്റിയില്ല; ക്രൂരത കാട്ടിയ കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

> **Lead Summary:** വടക്കാഞ്ചേരി: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ നിന്ന വിദ്യാർത്ഥികൾ കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. ബസ് കണ്ടക്ടറായ രാംദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചത്. ഇതിന് പുറമേ ഇയാൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

## Article Content

വടക്കാഞ്ചേരി: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ നിന്ന വിദ്യാർത്ഥികൾ കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. ബസ് കണ്ടക്ടറായ രാംദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചത്. ഇതിന് പുറമേ ഇയാൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിന്ന ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്.

 വിദ്യാർത്ഥികളുടേത് കൺസഷൻ നിരക്കായതിനാൽ കുറച്ചു പേരെ മാത്രമേ ബസിൽ കൊണ്ടുപോകാൻ കഴിയൂ എന്നായിരുന്നു കണ്ടക്ടറുടെ ക്രൂരമായ നിലപാട്.വീട്ടിലെത്താൻ വൈകുമെന്നും ബസിൽ കയറ്റണമെന്നും കാണിച്ച് സിയാൻ എന്ന വിദ്യാർത്ഥി കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടർ രാംദാസ് വഴങ്ങിയില്ല.

വിദ്യാർത്ഥിയെ കണ്ടക്ടർ പുറത്തുനിർത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷം ഉയർന്നു. വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. തുടർന്ന് ബസ് കണ്ടക്ടറെ അടിയന്തരമായി വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെക്കുകയും തുടർനടപടികളിലേക്ക് കടക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366758/conductors-license-suspended-for-not-boarding-students-on-bus)