---
title: "എത്തിയത് പാസ്റ്ററുടെ വാക്ക് വിശ്വസിച്ച്, പിന്നാലെ പതിനേഴുകാരൻ നേരിട്ടത് ക്രൂര മർദ്ദനം; എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ കേസ്"
english_title: "Complaint alleging brutal assault on 17-year-old at old age home in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366755/complaint-alleging-brutal-assault-on-17-year-old-at-old-age-home-in-pathanamthitta"
published_at: "2026-06-18T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f9edf47bb4_gb.jpg"
keywords: ["Latest News", "Complaint", "Pathanamthitta", "Kerala Police", "Brutal Assault"]
---

# എത്തിയത് പാസ്റ്ററുടെ വാക്ക് വിശ്വസിച്ച്, പിന്നാലെ പതിനേഴുകാരൻ നേരിട്ടത് ക്രൂര മർദ്ദനം; എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ കേസ്

> **Lead Summary:** **പത്തനംതിട്ട: ** പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. തുടർപഠനം ഉറപ്പുനൽകി കുട്ടിയെ ഏറ്റെടുത്ത ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റർ അധികൃതർ മോഷണക്കുറ്റമാരോപിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. കുട്ടിയുടെ അമ്മയുടെ പരാതിയിൻമേൽ കട്ടപ്പന പൊലീസ് സ്ഥാപന മാനേജർ ഉൾപ്പെടെയുളള 3 ആളുകൾക്കെതിരെ കേസ്സെടുത്തു.

## Article Content

**പത്തനംതിട്ട: ** പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. തുടർപഠനം ഉറപ്പുനൽകി കുട്ടിയെ ഏറ്റെടുത്ത ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റർ അധികൃതർ മോഷണക്കുറ്റമാരോപിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. കുട്ടിയുടെ അമ്മയുടെ പരാതിയിൻമേൽ കട്ടപ്പന പൊലീസ് സ്ഥാപന മാനേജർ ഉൾപ്പെടെയുളള 3 ആളുകൾക്കെതിരെ കേസ്സെടുത്തു.

തൊഴിലധിഷ്ഠിത പഠനവും പുനരധിവാസവും എന്ന വാക്ക് വിശ്വസിച്ച് ഇടുക്കി അണക്കരയിൽ നിന്ന് മാർച്ച് മാസത്തിൽ ഓമല്ലൂരെത്തിയ 17കാരനാണ് ഈ ദുർഗ്ഗതി. ആദ്യ ആഴ്ചകളിൽ ക്യാമറ പഠനത്തിനുൾപ്പെടെ തുടക്കമിട്ടെങ്കിലും പിന്നീട് ജോലിയുടെ സ്വഭാവം മാറി. വൃദ്ധസദനത്തിലേക്ക് പരിപാലനത്തിനും ജോലിക്കുമായി വിട്ടു.

ഭാരിച്ച പണിയെടുപ്പിക്കലും മർദ്ദനവും. മറ്റൊരു അന്തേവാസി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഈ കാഴ്ചകൾ കണ്ടതെന്ന് കുട്ടിയുടെ അമ്മ. പഠനമുറപ്പ് നൽകിയില്ലെന്നും കുട്ടികൾ തമ്മിലുളള വഴക്കെന്നുമാണ് സ്ഥാപനത്തിൻ്റെ വിശദീകരണം. എന്നാൽ പാസ്റ്റർ ബിനു വാഴമുട്ടം കുട്ടിയെ പഠിപ്പിക്കാമെന്നുറപ്പുനൽകി ഏറ്റെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതെല്ലാം ഖണ്ഡിക്കുന്നുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയ പരിശോധനിൽ സമാനരീതിയിൽ മറ്റൊരു 17കാരനെയും കണ്ടെത്തി. ഈ കുട്ടിയെ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്. തടഞ്ഞുവെയ്ക്കൽ, മർദ്ദനം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമെടുത്ത കേസ് ഉടൻ തന്നെ പത്തനംതിട്ട പൊലീസിന് കൈമാറും.

വിശദമായ മൊഴിനൽകാൻ അടുത്തദിവസം തന്നെ ഇടുക്കി സ്വദേശിയുടെ അമ്മയെ പത്തനംതിട്ടയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികൾക്ക് സമാന അവസ്ഥയുണ്ടോ എന്നതുൾപ്പെടെ കണ്ടെത്താനാണ് പൊലീസും വനിതാ ശിശു വികസന വകുപ്പും അന്വേഷണം തുടരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366755/complaint-alleging-brutal-assault-on-17-year-old-at-old-age-home-in-pathanamthitta)