---
title: "കണ്ണൂരിൽ ലഹരിമരുന്ന് അക്രമം; പള്ളിയിൽ അതിക്രമിച്ചു കയറി മൂന്നുപേരെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ"
english_title: "Drug-fueled violence in Kannur, youth arrested for barging into church and stabbing three people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366747/drug-fueled-violence-in-kannur-youth-arrested-for-barging-into-church-and-stabbing-three-people"
published_at: "2026-06-18T14:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33ada77cec7_kannur.jpg"
keywords: ["Latest News", "Violence", "Kannur", "Stabbed", "Police Case"]
---

# കണ്ണൂരിൽ ലഹരിമരുന്ന് അക്രമം; പള്ളിയിൽ അതിക്രമിച്ചു കയറി മൂന്നുപേരെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ പിലാത്തറയിലെ ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിൽ ലഹരിക്കടിമയായ യുവാവ് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു. പള്ളി മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്.

## Article Content

**കണ്ണൂർ : **കണ്ണൂർ പിലാത്തറയിലെ ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിൽ ലഹരിക്കടിമയായ യുവാവ് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു. പള്ളി മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്.

കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം. സമീർ (37) എന്നിവരെ പയ്യന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമം നടത്തിയ കാസർകോട് ബേഡകം സ്വദേശി സിയാദ് അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സിയാദെന്ന് പൊലീസ് പറഞ്ഞു.

ബുധൻ രാത്രി 10.45 നാണ് അക്രമം നടന്നത്. സിയാദ് ഏഴിലോട് ക്വാർട്ടേഴ്സിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ലഹരിക്ക് അടിമയായ സിയാദ് ആദ്യം ക്വാർട്ടേഴ്സിലെത്തി ഭാര്യയെയും അയൽവാസികളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും സിസിടിവി ക്യാമറകൾ തല്ലിത്തകർക്കുകയുമായിരുന്നു.

തുടർന്ന് കൈയിൽ കത്തിയുമായി തൊട്ടടുത്തുള്ള ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലേക്ക് അതിക്രമിച്ചു കയറി. പള്ളിയുടെ ജനൽ ചില്ലുകളും മദ്രസയിലെ കസേരകളും അടിച്ചുതകർത്തു. ജനൽച്ചില്ലുകൾ തകരുന്ന ശബ്ദം കേട്ട, പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് ആഷിക് ഉടൻ കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ആദ്യം എത്തിയ നസീർ കാണുന്നത് പള്ളിയിലെ ലൈറ്റുകളും ജനലുകളും തകർത്ത നിലയിലാണ്. പ്രതി വടിവാളുമായി ഇരുട്ടിന്റെ മറവിൽ നിൽക്കുകയായിരുന്നു. പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് നസീറിന് കുത്തേറ്റതെന്ന് നാട്ടുകാർ പറഞ്ഞു.

നസീറിന്റെ പുറത്തും കാലിനും കുത്തേറ്റു. നിലവിളി കേട്ട് പുറത്തേക്ക് ഓടിയെത്തിയ മുഹമ്മദ് ആഷിക്കിനെയും പിന്നാലെ എത്തിയ കെ.എം. സമീറിനെയും പ്രതി കത്തിവീശി പരുക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് കൂടുതൽ നാട്ടുകാർ എത്തി അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തി. ഉടൻ തന്നെ പരിയാരം പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366747/drug-fueled-violence-in-kannur-youth-arrested-for-barging-into-church-and-stabbing-three-people)