---
title: "'മുന്നറിയിപ്പുകൾ അവഗണിച്ചു, ചാനലുകൾ വീണ്ടും തുറന്നു'; ടെലിഗ്രാമിനെതിരെ കോടതിയിൽ കടുത്ത നിലപാടുമായി കേന്ദ്രം"
english_title: "NEET Exam, Telegram Ban, Delhi High Court issues notice to Central Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366733/neet-exam-telegram-ban-delhi-high-court-issues-notice-to-central-government"
published_at: "2026-06-18T13:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33a11ad3f82_NEET_Exam,_Telegram_Ban,.jpg"
keywords: ["Latest News", "Telegram Ban", "Delhi High Court", "Telegram India"]
---

# 'മുന്നറിയിപ്പുകൾ അവഗണിച്ചു, ചാനലുകൾ വീണ്ടും തുറന്നു'; ടെലിഗ്രാമിനെതിരെ കോടതിയിൽ കടുത്ത നിലപാടുമായി കേന്ദ്രം

> **Lead Summary:** ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലിഗ്രാമിന്റെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരായ നിയമപോരാട്ടം ശക്തമാകുന്നു. സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിൽ ടെലിഗ്രാം പൂർണ്ണമായി പരാജയപ്പെട്ടുവെന്ന കാര്യം കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചന.

## Article Content

ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലിഗ്രാമിന്റെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരായ നിയമപോരാട്ടം ശക്തമാകുന്നു. സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിൽ ടെലിഗ്രാം പൂർണ്ണമായി പരാജയപ്പെട്ടുവെന്ന കാര്യം കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചന.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിട്ടും ടെലിഗ്രാം അധികൃതരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. സംശയകരമായ ചാനലുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിലും ഡാറ്റ കൈമാറുന്നതിലും പ്ലാറ്റ്‌ഫോം വീഴ്ച വരുത്തിയതാണ് പ്രധാന ആശങ്കകളിലൊന്ന്.

ബുധനാഴ്ച നടന്ന വാദത്തിനിടെ ഐ.ടി നിയമത്തിലെ സെക്ഷൻ 69എ പ്രകാരമാണ് തടയൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും മേയ് മാസം മുതൽ ടെലിഗ്രാമുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ കൈവശമുള്ള തെളിവുകൾ ‘ഞെട്ടിപ്പിക്കുന്നതാണെന്നും’ തുഷാർ മേത്ത കൂട്ടിച്ചേർത്തു. ബ്ലോക്ക് ചെയ്ത ചാനലുകൾ വീണ്ടും രൂപപ്പെടുന്ന സാഹചര്യം ഉണ്ടായെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

അതേസമയം, കേന്ദ്രത്തിന്റെ നടപടി ഏകപക്ഷീയവും ആനുപാതികമല്ലാത്തതുമാണെന്നാണ് ടെലിഗ്രാമിന്റെ വാദം. അധികൃതർ ചൂണ്ടിക്കാണിച്ച ചാനലുകൾക്കെതിരെ തങ്ങൾ നടപടിയെടുത്തിട്ടുണ്ടെന്നും, സർക്കാർ നടപടി ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന ഒരു സമ്പൂർണ്ണ നിരോധനത്തിന് തുല്യമാണെന്നും ടെലിഗ്രാമിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ധ്രുവ് മേത്ത കോടതിയിൽ വ്യക്തമാക്കി.

ടെലിഗ്രാമിന്റെ ഹരജിയിൽ ഡൽഹി ഹൈകോടതി നോട്ടീസ് അയക്കുകയും കേന്ദ്രസർക്കാരിനോട് മറുപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സർക്കാർ തെളിവുകളും രേഖകളും കോടതിയിൽ സമർപ്പിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366733/neet-exam-telegram-ban-delhi-high-court-issues-notice-to-central-government)