---
title: "പ്രതീക്ഷയോടെ കർഷകർ...! യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും"
english_title: "Chief Minister VD Satheesan will present the first budget of the UDF government tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366667/chief-minister-vd-satheesan-will-present-the-first-budget-of-the-udf-government-tomorrow"
published_at: "2026-06-18T08:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15a1b9433d7_VD_Satheesan.jpg"
keywords: ["Latest News", "Chief Minster", "VD Satheesan", "UDF Government", "Budget"]
---

# പ്രതീക്ഷയോടെ കർഷകർ...! യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും

> **Lead Summary:** തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. ക്ഷേമപെൻഷൻ വർധനവ് ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ഗ്യാരണ്ടികളും ബജറ്റിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

## Article Content

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. ക്ഷേമപെൻഷൻ വർധനവ് ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ഗ്യാരണ്ടികളും ബജറ്റിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ് തുടക്കമിടും. മെട്രോ വികസനം മുതൽ കർഷകരുടെ ആവശ്യങ്ങൾ വരെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്നത് കർഷകർ തന്നെയാണ്. റബ്ബറിന്റെ താങ്ങു വില 250 രൂപയാക്കുമെന്നും കാലക്രമേണ അത് 300 ആയി ഉയർത്തുമെന്നും തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് കർഷകർ ഉറ്റു നോക്കുന്നത്.

കേരളത്തെ തുറമുഖ നഗരമാക്കാൻ വേണ്ടിയുള്ള മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ ഇടം പിടിച്ചേക്കും. ഐടി,തീരദേശ മേഖലകൾക്ക് പ്രത്യേക പ്രഖ്യാപനം ഉണ്ടാകും. പരമ്പരാഗത മേഖലയെ കൈവിടില്ലെന്നും പ്രതീക്ഷയുണ്ട്.

നികുതി ചോർച്ച തടയുന്നതിനുളള നടപടികളായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൻെറ മുഖ്യസവിശേഷത. ജി.എസ്.ടി വകുപ്പിനെ ഉടച്ചുവാർത്ത് നികുതി പിരിവ് ഊർജിതമാക്കാനും ബജറ്റിൽ നടപടികളുണ്ടാകും. പുതിയ പദ്ധതികളിലൂടെ വരുമാനം കൂട്ടാനുളള ഇടപെടലുകളും പ്രതീക്ഷിക്കുന്നുണ്ട്. സ്വർണം, മദ്യ നിർമ്മാണ മേഖലകൾക്കായിരിക്കും ഊന്നൽ.

മോട്ടോർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പോകുന്ന രീതി അവസാനിപ്പിക്കും.ഇതിലൂടെ സർക്കാരിന്റെ ധനലഭ്യത കൂടുമെന്നാണ് വിലയിരുത്തൽ. കിഫ്ബി ബാധ്യതകൾ സർക്കാർ ഏറ്റെടുക്കും.

പുതിയ നികുതി നിർദ്ദേശങ്ങൾ കൊണ്ടു വന്നാൽ നേരത്തെ പാസാക്കിയ ധന ബിൽ ഭേദഗതി ചെയ്യേണ്ടിവരും. എന്നാൽ പ്രിയദർശിനി യാത്രാ സൌജന്യ പദ്ധതി ഉൾപ്പെടെയുളള ഇന്ദിരാ ഗ്യാരന്റികളും ക്ഷേമപെൻഷൻ വർദ്ധിപ്പിക്കലും നടപ്പാക്കണമെങ്കിൽ വരുമാനം വർദ്ധിപ്പിച്ചേ തീരു. റവന്യു ഡെഫിസിറ്റ് ഗ്രാൻറ് ലഭിക്കാത്തതും പ്രതിക്ഷിച്ച വിഹിതം ധനക്കമ്മീഷനിൽ നിന്ന് ലഭിക്കാത്തതും മൂലമുളള പ്രതിസന്ധി വേറയുമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366667/chief-minister-vd-satheesan-will-present-the-first-budget-of-the-udf-government-tomorrow)