---
title: "ജൂൺ 25 വരെ അവധി; തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും, രോഗബാധിതരായവരിൽ ഭൂരിഭാഗവും പെൺകുട്ടികൾ"
english_title: "Government College Hostel Students Vomiting And Diarrhea Outbreak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366663/government-college-hostel-students-vomiting-and-diarrhea-outbreak"
published_at: "2026-06-18T07:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3356dd84832_hospitalized.jpg"
keywords: ["Latest News", "Diarrhea Outbreak", "Government College Hostel"]
---

# ജൂൺ 25 വരെ അവധി; തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും, രോഗബാധിതരായവരിൽ ഭൂരിഭാഗവും പെൺകുട്ടികൾ

> **Lead Summary:** തൃപ്പൂണിത്തുറ: സർക്കാർ ആയുർവേദ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും. തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. രോഗബാധിതരായ 25 ഓളം പേരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിലും സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

## Article Content

തൃപ്പൂണിത്തുറ: സർക്കാർ ആയുർവേദ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും. തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. രോഗബാധിതരായ 25 ഓളം പേരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിലും സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹോസ്റ്റൽ വിദ്യാർഥികൾക്ക് കൂട്ടത്തോടെ വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം കാമ്പസിൽ അടിയന്തര പരിശോധന നടത്തി. കോളേജ് കാമ്പസിലെ ജലസംഭരണികൾ അടിയന്തരമായി ശുചീകരിച്ച് ക്ലോറിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിഭാഗം കോളേജ് അധികൃതർക്ക് നോട്ടീസ് നൽകി.

കാമ്പസും ഹോസ്റ്റൽ പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ജലസംഭരണികളിലെ മലിന ജലത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

സംഭവം വിവാദമായതോടെ കാമ്പസിലെ എല്ലാ ജല സംഭരണികളും ശുചീകരിച്ച് അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. പടർന്നുപിടിച്ച രോഗബാധയെത്തുടർന്ന് കോളേജ് ജൂൺ 25 വരെ അടച്ചിടാൻ തീരുമാനിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളോട് താൽക്കാലികമായി വീടുകളിലേക്ക് മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.

എന്നാൽ, പരീക്ഷയുള്ളതിനാലും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമായി കോളേജിൽ തുടരേണ്ടി വരുന്ന വിദ്യാർഥികൾക്ക് കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രത്യേക ജലവിതരണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366663/government-college-hostel-students-vomiting-and-diarrhea-outbreak)