---
title: "പി.എം ശ്രീയിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി; ചരിത്ര സത്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പദ്ധതി നടപ്പാക്കരുതെന്നും ജിഫ്രി തങ്ങള്‍"
english_title: "Samastha President Jifri Muthukoya Thangal Responds To PM Shri Scheme Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366641/samastha-president-Jifri-muthukoya-thangal-responds-to-pm-shri-scheme-controversy"
published_at: "2026-06-17T21:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32c05844e40_Jifri_Muthukoya_Thangal.jpg"
keywords: ["Latest News", "PM SHRI", "Jifri Muthukoya Thangal", "VD Satheesan"]
---

# പി.എം ശ്രീയിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി; ചരിത്ര സത്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പദ്ധതി നടപ്പാക്കരുതെന്നും ജിഫ്രി തങ്ങള്‍

> **Lead Summary:** കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

## Article Content

കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഉപസമിതി പഠിക്കട്ടെ എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടു.

മന്ത്രിസഭ തീരുമാനത്തോട് വകുപ്പ് മന്ത്രി എൻ. ശംസുദ്ദീനും എൽ.ഡി.എഫ് കാലത്ത് പി.എം ശ്രീക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച മുസ്‌ലിം ലീഗിനും എന്താണ് പറയാനുള്ളതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ ചോദിച്ചു.

പിണറായി സർക്കാറിന്റെ കാലത്ത് സർവശിക്ഷാ പദ്ധതിക്കായുള്ള (എസ്.എസ്.കെ) തുകയ്ക്കുവേണ്ടി അപേക്ഷിച്ചപ്പോൾ 2022 മുതൽ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ട് എസ്.എസ്.കെ പദ്ധതിയുടെ ഫണ്ട് വാങ്ങുകയാണുണ്ടായത്. അതിനെയാണ് എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിക്കായി ഒപ്പിട്ടു എന്ന കള്ളപ്രചാരണം നടത്തി പൊതുജനത്തെ കബളിപ്പിച്ചതും സർക്കാറിനെതിരെ ജനവികാരം തിരിച്ചുവിട്ടതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നവംബർ 12ന് കരാർ താൽക്കാലികമായി മരവിപ്പിച്ചെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിന് നിയമസാധുത ഇല്ലെന്നാണ് സർക്കാർ വിശദീകരണം. അതിനാൽ കരാർ തുടർന്ന് വിവാദവ്യവസ്ഥകളിൽ ഇളവ് തേടാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366641/samastha-president-Jifri-muthukoya-thangal-responds-to-pm-shri-scheme-controversy)