---
title: "മാസപ്പടി കേസ്: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വീണ പുറത്തേക്ക്, വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ"
english_title: "EMRL-Exalogic Case Veena T Questioned By ED For 9 Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366637/emrl-exalogic-case-veena-t-questioned-by-ed-for-9-hours"
published_at: "2026-06-17T20:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32b482ea1bd_ed.jpg"
keywords: ["Latest News", "EMRL-Exalogic", "Masappadi Case", "Veena T", "Enforcement Directorate"]
---

# മാസപ്പടി കേസ്: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വീണ പുറത്തേക്ക്, വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ

> **Lead Summary:** കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വീണ പുറത്തിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വീണ പ്രതികരിച്ചില്ല.

## Article Content

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വീണ പുറത്തിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വീണ പ്രതികരിച്ചില്ല.

കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ ഇനിയും വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. എന്നാൽ വീണയ്ക്ക് വീണ്ടും സമൻസ് നൽകിയില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിൽ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. കേസിൽ ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍.

വീണയ്ക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയില്‍ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും സാവകാശം നല്‍കാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366637/emrl-exalogic-case-veena-t-questioned-by-ed-for-9-hours)