---
title: "വിവാഹത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നു; കാമുകനായ ബാങ്ക് മാനേജർ പിടിയിൽ"
english_title: "Six-year-old boy killed in Meerut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366602/six-year-old-boy-killed-in-meerut"
published_at: "2026-06-17T16:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a269630cd111_crime.jpg"
keywords: ["Latest News", "Utharpradesh", "Six-Year-Old Boy", "Murder"]
---

# വിവാഹത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നു; കാമുകനായ ബാങ്ക് മാനേജർ പിടിയിൽ

> **Lead Summary:** ഉത്തർപ്രദേശ്: മീററ്റിൽ യുവതിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിലായി. മുസാഫർനഗർ സ്വദേശിയായ അർപിത് പരാശർ ആണ് മീററ്റിലെ റാംരാജ് ഗ്രാമത്തിൽനിന്നു കാണാതായ അംഗദ്‌വീർ എന്ന ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

## Article Content

ഉത്തർപ്രദേശ്: മീററ്റിൽ യുവതിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിലായി. മുസാഫർനഗർ സ്വദേശിയായ അർപിത് പരാശർ ആണ് മീററ്റിലെ റാംരാജ് ഗ്രാമത്തിൽനിന്നു കാണാതായ അംഗദ്‌വീർ എന്ന ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. മുത്തശ്ശിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി.

ഒരു വെള്ള കാറിൽ എത്തിയ ആൾ കുട്ടിയെ വിളിക്കുന്നതും കുട്ടി സ്വമേധയാ വാഹനത്തിൽ കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുട്ടിക്ക് പരിചയമുള്ള ആളാണ് പ്രതിയെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ പരിശോധനയിലാണ് അർപിത് പരാശറിലേക്ക് എത്തിയത്.

കുട്ടിയുടെ അമ്മയായ ഗുർപ്രീത് കൗറുമായി തനിക്ക് മൂന്ന് വർഷമായി പരിചയമുണ്ടെന്നും, അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു. വിവാഹത്തിന് കുട്ടിയുമായിട്ടുള്ള ബന്ധം തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ഇയാൾ വെളിപ്പെടുത്തി.

വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള പാടത്തെത്തിച്ച് കഴുത്തറുത്താണ് അർപിത് കുട്ടിയെ കൊലപ്പെടുത്തിയത്. തുടക്കത്തിൽ മൃതദേഹം കനാലിൽ എറിഞ്ഞുവെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് പ്രതിയുടെ മൊഴിപ്രകാരം പാടത്തുനിന്ന് മൃതദേഹം കണ്ടെടുത്തു.

കേസിൽ കുട്ടിയുടെ അമ്മയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366602/six-year-old-boy-killed-in-meerut)