---
title: "പിഎം ശ്രീ: വിവാദ കരാർ ഒപ്പിട്ടത് കഴിഞ്ഞ സർക്കാർ; എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻ. ഷംസുദ്ദീൻ"
english_title: "PM Shri, LDF Government, N. Shamsuddin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366591/pm-shri-ldf-government-n-shamsuddin"
published_at: "2026-06-17T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a327d3f49e7a_PHMSERI.jpg"
keywords: ["Latest News", "Thiruvanandapuram", "PM Shri", "N. Shamsuddin", "Controversial Deal"]
---

# പിഎം ശ്രീ: വിവാദ കരാർ ഒപ്പിട്ടത് കഴിഞ്ഞ സർക്കാർ; എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻ. ഷംസുദ്ദീൻ

> **Lead Summary:** **തിരുവനന്തപുരം: [ ** പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: [ ** പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

വിഷയത്തിൽ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് നിലവിലെ പ്രതിസന്ധിക്ക് തുടക്കമിട്ടത് കഴിഞ്ഞ സർക്കാരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഈ പദ്ധതിയിൽ കരാർ ഒപ്പിട്ടതോടെ കേന്ദ്രം തടഞ്ഞുവെച്ചിരുന്ന എസ്എസ്‌കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് ലഭ്യമായത് നാലാം നാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 99 കോടി രൂപയാണ് അന്ന് ലഭിച്ചത്.

എങ്കിലും, പദ്ധതിയുടെ പേരിൽ ഫണ്ട് അനുവദിച്ചതായി ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗവൺമെന്റുകൾ തുടർച്ചയാണെന്നിരിക്കെ, പിഎം ശ്രീ വിഷയത്തിൽ കേരള സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു എന്നത് യാഥാർഥ്യമാണെന്നും അത് ആർക്കും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാറിൽ ഒപ്പിട്ടതോടെ തടഞ്ഞുവെച്ചിരുന്ന ഫണ്ടുകൾ കേന്ദ്രം റിലീസ് ചെയ്തു. എന്നാൽ, ആരെയും അറിയിക്കാതെ കരാറിൽ ഒപ്പിട്ടതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. എൽഡിഎഫിനുള്ളിൽ തന്നെ ഈ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു.

നിലവിൽ, സ്കൂളുകളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉപസമിതിയുടെ റിപ്പോർട്ട് വന്നതിനു ശേഷം തീരുമാനമെടുക്കും. ഉപസമിതിയുടെ തീരുമാനം അറിയിക്കുന്നതുവരെ ഒപ്പിട്ട നടപടികൾ തൽക്കാലം നിർത്തിവെക്കാൻ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366591/pm-shri-ldf-government-n-shamsuddin)