---
title: "'ടെലഗ്രാം നിരോധനം മോദി സർക്കാരിന്റെ നാടകം, കള്ളനെ പിടിക്കാതെ ഇരയുടെ വീട് പൂട്ടുന്നു'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി"
english_title: "Telegram ban is a new strategy of Modi government, says Rahul Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366570/telegram-ban-is-a-new-strategy-of-modi-government-says-rahul-gandhi"
published_at: "2026-06-17T15:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c3c1484e77_rahul.jpg"
keywords: ["latest news", "Telegram ban", "Modi government", "Rahul Gandhi", "NEET"]
---

# 'ടെലഗ്രാം നിരോധനം മോദി സർക്കാരിന്റെ നാടകം, കള്ളനെ പിടിക്കാതെ ഇരയുടെ വീട് പൂട്ടുന്നു'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

> **Lead Summary:** ന്യൂഡൽഹി: **[** ടെലഗ്രാം നിരോധനം മോദി സർക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വാതിലിൽ പൂട്ടിടുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ച തടയാൻ ടെലഗ്രാം നിരോധിക്കുന്നത് വിഡ്ഢിത്തമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

## Article Content

ന്യൂഡൽഹി: **[** ടെലഗ്രാം നിരോധനം മോദി സർക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വാതിലിൽ പൂട്ടിടുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ച തടയാൻ ടെലഗ്രാം നിരോധിക്കുന്നത് വിഡ്ഢിത്തമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളായി പഠനാവശ്യങ്ങൾക്കായി ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് എങ്ങനെ പരിഹാരം കാണാനാകും? അടുത്ത നിരോധനം ഇനി ഏത് ആപ്പിനായിരിക്കുമെന്നും രാഹുൽ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണം. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിൽ തന്നെയാണ് തഴച്ചുവളരുന്നത്. അവർ യുവാക്കളുടെ ഭാവി തകർക്കുമ്പോൾ സർക്കാർ വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കാൻ തയ്യാറാകണം.

നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ രാജസ്ഥാനിലെ കോട്ടയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5:30-ന് വിദ്യാർത്ഥി കൺവെൻഷൻ നടക്കും. ദസറ മൈതാനിയിലെ ശ്രീറാം രംഗമഞ്ചിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, കുതിച്ചുയരുന്ന ഫീസ്, അഴിമതി എന്നിവ കൺവെൻഷനിൽ പ്രധാന ചർച്ചയാകും. ഈ കൺവെൻഷനെ ഒരു 'യുദ്ധകാഹളമാക്കി' മാറ്റാമെന്ന് രാഹുൽ ഗാന്ധി യുവാക്കളോട് ആഹ്വാനം ചെയ്തു.

> "ഉത്തരവാദിത്തവും സത്യസന്ധതയും മോദി സർക്കാരിന്റെ ചിന്താഗതിക്ക് അപ്പുറത്താണ്. ചോദ്യപേപ്പർ ചോർച്ചയും കെടുകാര്യസ്ഥതയും ദിനംപ്രതി ലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളാണ് തകർക്കുന്നത്. യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുക." - രാഹുൽ ഗാന്ധി

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോട്ടയിലെ നീറ്റ് കോച്ചിംഗ് സെന്ററുകളിൽ നിരവധി വിദ്യാർത്ഥികളാണ് സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തത്. സുപ്രീം കോടതി വരെ ഇടപെട്ടിട്ടും കൃത്യമായ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് കോട്ടയെത്തന്നെ വേദിയാക്കി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

[https://x.com/RahulGandhi/status/2067158163791520230?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2067158163791520230%7Ctwgr%5E26e9a42ed14ee7ca5098340fda0c18fbfef5b4a9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftelegram-ban-is-modi-governments-new-strategy-rahul-gandhi-strongly-criticizes-327327](https://x.com/RahulGandhi/status/2067158163791520230?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2067158163791520230%7Ctwgr%5E26e9a42ed14ee7ca5098340fda0c18fbfef5b4a9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftelegram-ban-is-modi-governments-new-strategy-rahul-gandhi-strongly-criticizes-327327)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366570/telegram-ban-is-a-new-strategy-of-modi-government-says-rahul-gandhi)