---
title: "ഒപ്പമിരുന്ന് മദ്യപിച്ചു, ഒടുവിൽ തർക്കം; കൊല്ലത്ത് രണ്ടുപേരെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ"
english_title: "Argument while drinking, two people stabbed after argument; suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366560/argument-while-drinking-two-people-stabbed-after-argument-suspect-arrested"
published_at: "2026-06-17T14:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3266aa04dcd_srggf.jpg"
keywords: ["latest news", "alcohol", "murder attempt"]
---

# ഒപ്പമിരുന്ന് മദ്യപിച്ചു, ഒടുവിൽ തർക്കം; കൊല്ലത്ത് രണ്ടുപേരെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

> **Lead Summary:** കൊല്ലം: കൊല്ലം ചിതറയിൽ ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേരെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. അരിപ്പ സമരഭൂമി സ്വദേശിയായ ജിജോ യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കൊല്ലം: കൊല്ലം ചിതറയിൽ ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേരെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. അരിപ്പ സമരഭൂമി സ്വദേശിയായ ജിജോ യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ അരിപ്പ സമരഭൂമിക്ക് സമീപമായിരുന്നു സംഭവം. സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവർക്കാണ് വെട്ടേറ്റത്. പ്രതിയായ ജിജോ വിനോദിനും ദീപുവിനുമൊപ്പം ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, പ്രകോപിതനായ ജിജോ കയ്യിൽ കരുതിയിരുന്ന കൊടുവാളെടുത്ത് വിനോദിന്റെ തലയ്ക്ക് വെട്ടുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുഹൃത്ത് ദീപുവിനെയും പ്രതി തലയ്ക്കും ദേഹത്തും വെട്ടിപ്പരിക്കേൽപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ വിനോദും ദീപുവും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് ഒളിവിൽപ്പോയ ജിജോയെ അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366560/argument-while-drinking-two-people-stabbed-after-argument-suspect-arrested)