---
title: "പാറക്കൽ അബ്ദുള്ളക്ക്  തിരിച്ചടി; രേഖകൾ ഹാജരാക്കണമെന്ന വഖഫ് ബോർഡ് ഉത്തരവിനെതിരെ നൽകിയ അപ്പീൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ തള്ളി"
english_title: "Kozhikode Waqf Tribunal rejects Kuttiyadi MLA Parakkal Abdullah's appeal against Waqf Board's order to produce documents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366555/kozhikode-waqf-tribunal-rejects-kuttiyadi-mla-parakkal-abdullahs-appeal-against-waqf-boards-order-to-produce-documents"
published_at: "2026-06-17T14:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aca6fb9c31_parakkal.jpg"
keywords: ["Latest News", "Kozhikode Waqf Tribunal", "Kuttiyadi MLA", "Parakkal Abdullah", "Waqf Board"]
---

# പാറക്കൽ അബ്ദുള്ളക്ക്  തിരിച്ചടി; രേഖകൾ ഹാജരാക്കണമെന്ന വഖഫ് ബോർഡ് ഉത്തരവിനെതിരെ നൽകിയ അപ്പീൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ തള്ളി

> **Lead Summary:** **കോഴിക്കോട്: **വടകര ഏറാമല മഹൽ ജമാഅത്ത് കമ്മിറ്റി നടത്തിയ മസ്ജിദ് പുനർ നിർമ്മാണത്തിൽ ക്രമക്കേട് ആരോപിച്ച് മഹൽ നിവാസികൾ സമർപ്പിച്ച കേസിൽ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നിന്നും തിരിച്ചടി.

## Article Content

**കോഴിക്കോട്: **വടകര ഏറാമല മഹൽ ജമാഅത്ത് കമ്മിറ്റി നടത്തിയ മസ്ജിദ് പുനർ നിർമ്മാണത്തിൽ ക്രമക്കേട് ആരോപിച്ച് മഹൽ നിവാസികൾ സമർപ്പിച്ച കേസിൽ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നിന്നും തിരിച്ചടി.

മസ്ജിദ് പുനർനിർമ്മാണം സംബന്ധിച്ച കമ്മറ്റി മിനുറ്റ്സ്, എക്കൗണ്ട്സ് രേഖകൾ, റസീപ്റ്റ് വൗച്ചറുകൾ തുടങ്ങിയ ഹാജരാക്കാനുള്ള വഖഫ് ബോർഡ് ഉത്തരവിനെതിരെ പാറക്കൽ അബ്ദുല്ല അടക്കം പ്രതികൾ സമർപ്പിച്ച അപ്പീൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ജഡ്ജ് ടി കെ മിനിമോൾ തള്ളി.

യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയും സാധൂകരണ രേഖകൾ ഇല്ലാതെയും ഏകദേശം മൂന്നു കോടിയോളം രൂപയുടെ കണക്കുകൾ ജനറൽബോഡിയിൽ ചർച്ച പോലുമില്ലാതെ തക്ബീർ വിളിച്ച് പാസാക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ജനറൽ ബോഡി മെമ്പർമാരായ ഉമ്മർ പുളിഞ്ഞോളി, കെ അബ്ദുർ റഹ്മാൻ, പി കെ കുഞ്ഞബ്ദുള്ള എന്നിവർ വഖഫ് ബോർഡ് മുമ്പാകെ OP 15/2024 നമ്പറായി കേസ് ഫയൽ ചെയ്തിരുന്നു. മസ്ജിദ് പുനർ നിർമ്മാണം സംബന്ധിച്ച കമ്മിറ്റിയുടെ മിനിട്സ് ബുക്ക്, അക്കൗണ്ട്സ് രേഖകൾ എന്നിവ പരിശോധിക്കാൻ IA 48/2024 നമ്പർ ഹരജിയിൽ വഖഫ് ബോർഡ് അഡ്വക്കേറ്റ് കമ്മീഷനെ നിയമിക്കുകയായിരുന്നു.

അഡ്വക്കേറ്റ് കമ്മീഷൻ കമ്മിറ്റി ഓഫീസിൽ എത്തിയെങ്കിലും രേഖകൾ നൽകാൻ ഭാരവാഹികൾ തയ്യാറായില്ല. പ്രസിഡണ്ട്, സിക്രട്ടറിയുമുൾപ്പെടെ ഭാരവാഹികൾ കമ്മീഷനിൽ നിന്നും മാറി നിൽക്കുകയും ചെയ്തു.

രേഖകൾ മറ്റൊരു കേസിൽ വടകര മുൻസിഫ് കോടതിയിലാണ് ഉള്ളതെന്ന വിവരമാണ് ബോർഡിൽ സമർപ്പിച്ചത്. രേഖകൾ സമർപ്പിക്കാൻ വഖഫ് ബോർഡ് സമയം അനുവദിച്ചെങ്കിലും പ്രതികൾ ഉത്തരവിനെതിരെ ട്രൈബൂണലിനെ സമീപിക്കുകയായിരുന്നു.

വിശദമായ വാദത്തിന് ശേഷം മസ്ജിദ് പുനർ നിർമ്മാണ കമ്മിറ്റി ചെയർമാനായ പാറക്കൽ അബ്ദുല്ല അടക്കം നൽകിയ അപ്പീൽ ട്രൈബ്യൂണൽ തള്ളുകയായിരുന്നു.മൂന്ന് കോടിയോളം രൂപ പള്ളി അറ്റകുറ്റ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്തിരുന്നു.

എന്നാൽ ഇതിന് കൃത്യമായ നടപടികളോ രേഖകളോ ഇല്ലാതെ കൃത്രിമ കണക്കുകൾ തയ്യാറാക്കി ഫണ്ടിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. കേസിലെ വാദികൾക്ക് വേണ്ടി അഡ്വ. ബി വി എം റാഫി, അഡ്വ. ഷിനി എന്നിവരും പ്രതികൾക്ക് വേണ്ടി അഡ്വ: റസൽ എന്നവരും ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366555/kozhikode-waqf-tribunal-rejects-kuttiyadi-mla-parakkal-abdullahs-appeal-against-waqf-boards-order-to-produce-documents)