---
title: "കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി': സ്വകാര്യ ബസുകളിൽ തിരക്ക് കുറഞ്ഞു, വരുമാനത്തിൽ കനത്ത ഇടിവ്"
english_title: "Private buses, KSRTC free travel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366549/ordinary-buses-ksrtc-free-travel-new"
published_at: "2026-06-17T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32609214f57_private_bus.jpg"
keywords: ["Latest News", "Ksrtc Free Travel", "Pathanamthitta"]
---

# കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി': സ്വകാര്യ ബസുകളിൽ തിരക്ക് കുറഞ്ഞു, വരുമാനത്തിൽ കനത്ത ഇടിവ്

> **Lead Summary:** പത്തനംതിട്ട: **[** ജില്ലയിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യയാത്ര പദ്ധതി സ്ത്രീകൾക്കിടയിൽ വൻ സ്വീകാര്യത നേടുന്നു. ജില്ലയിലെ വിവിധ ഡിപ്പോകൾക്ക് കീഴിലുള്ള ഓർഡിനറി സർവീസുകൾ ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് സ്ത്രീകളാണ് ദിവസവും സൗജന്യ യാത്ര നടത്തുന്നത്. 

## Article Content

പത്തനംതിട്ട: **[** ജില്ലയിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യയാത്ര പദ്ധതി സ്ത്രീകൾക്കിടയിൽ വൻ സ്വീകാര്യത നേടുന്നു. ജില്ലയിലെ വിവിധ ഡിപ്പോകൾക്ക് കീഴിലുള്ള ഓർഡിനറി സർവീസുകൾ ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് സ്ത്രീകളാണ് ദിവസവും സൗജന്യ യാത്ര നടത്തുന്നത്. 

പത്തനംതിട്ട, കോന്നി, റാന്നി, അടൂർ, തിരുവല്ല, പന്തളം, മല്ലപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി മാത്രം ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ദീർഘദൂര റൂട്ടുകളിലും വിവിധ ഓഫീസ് മേഖലകളിലേക്കുള്ള യാത്രയ്ക്കും സ്ത്രീയാത്രക്കാർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചു തുടങ്ങിയതോടെ ദീർഘകാലമായി സർവീസ് നടത്തിവരുന്ന സ്വകാര്യ ബസുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

കെ.എസ്.ആർ.ടി.സി സൗജന്യയാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം 60 ശതമാനത്തോളം കുറവുണ്ടായതായി സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നു.

ഡീസൽ വിലയും പ്രവർത്തനച്ചെലവും വർധിച്ചുനിൽക്കുന്ന സാഹചര്യത്തിൽ വരുമാനത്തിലുണ്ടായ ഈ ഇടിവ് വലിയ തിരിച്ചടിയാണ്. ജില്ലയിൽ സർവീസ് നടത്തുന്ന 398 സ്വകാര്യ ബസുകൾക്കും മറ്റ് ജില്ലകളിൽ നിന്ന് ഇങ്ങോട്ടേക്കെത്തുന്ന ബസുകൾക്കും സൗജന്യയാത്ര പദ്ധതി വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

ഒരുദിവസം കൊണ്ട് മാത്രം രണ്ടായിരത്തി അഞ്ഞൂറ് മുതൽ മൂവായിരം രൂപ വരെ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ, ലാഭകരമല്ലാത്ത ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ബസുടമകൾ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ പ്രതിസന്ധിക്ക് പരിഹാരമായി സർക്കാരിന് മുന്നിൽ പുതിയൊരു നിർദ്ദേശം വെച്ചിരിക്കുകയാണ് ബസുടമകൾ. നിലവിൽ നേരിടുന്ന നഷ്ടം ഒഴിവാക്കാൻ, നിശ്ചിത വാടക നിശ്ചയിച്ചുകൊണ്ട് സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുത്ത് സർവീസ് നടത്തണമെന്നാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം.

തെക്കൻ ജില്ലകളിലെ ബസ് മേഖലയെയാണ് സൗജന്യയാത്ര പദ്ധതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് ഫെഡറേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല നടപടികൾക്കായി കാത്തിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366549/ordinary-buses-ksrtc-free-travel-new)