---
title: "ഇതൊക്കെ ശ്രദ്ധിക്കട്ടെ അമ്പാനെ.....; പരീക്ഷാ ഹാളിൽ ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തരക്കടലാസ്; രാജസ്ഥാൻ സർവകലാശാല പരീക്ഷ റദ്ദാക്കി"
english_title: "Answer key distributed instead of question paper at Rajasthan University, exam cancelled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366533/answer-key-distributed-instead-of-question-paper-at-rajasthan-university-exam-cancelled"
published_at: "2026-06-17T12:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a324dab1c79e_Answer_key_distributed_instead_of_question_paper_at_Rajasthan_University,_exam_cancelled.jpg"
keywords: ["Latest News", "Rajasthan University", "Answer Key Row"]
---

# ഇതൊക്കെ ശ്രദ്ധിക്കട്ടെ അമ്പാനെ.....; പരീക്ഷാ ഹാളിൽ ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തരക്കടലാസ്; രാജസ്ഥാൻ സർവകലാശാല പരീക്ഷ റദ്ദാക്കി

> **Lead Summary:** ജയ്പൂർ: രാജസ്ഥാൻ സർവകലാശാല എം.എ സോഷ്യോളജി രണ്ടാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പറിന് പകരം, മൂല്യനിർണ്ണയത്തിനായി തയ്യാറാക്കിയ ഉത്തരക്കടലാസ് മാറി വിതരണം ചെയ്തതാണ് പരീക്ഷ റദ്ദാക്കാൻ കാരണം.

## Article Content

ജയ്പൂർ: രാജസ്ഥാൻ സർവകലാശാല എം.എ സോഷ്യോളജി രണ്ടാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പറിന് പകരം, മൂല്യനിർണ്ണയത്തിനായി തയ്യാറാക്കിയ ഉത്തരക്കടലാസ് മാറി വിതരണം ചെയ്തതാണ് പരീക്ഷ റദ്ദാക്കാൻ കാരണം.

ജൂൺ 16 നടന്ന സംഭവത്തിൽ പരീക്ഷാ കേന്ദ്രത്തിൽ വൻ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടായി. പി ജി സ്കൂൾ ഓഫ് ഹ്യുമാനിറ്റീസിൽ ഉച്ചയ്ക്ക് 3മുതൽ 6വരെ നിശ്ചയിച്ചിരുന്ന 'ഇന്ത്യൻ സൊസൈറ്റി' പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ചോദ്യങ്ങളോ മൾട്ടിപ്പിൾ ചോയ്സ് ഓപ്ഷനുകളോ ഇല്ലാതെ ഉത്തരങ്ങൾ മാത്രം അച്ചടിച്ച പേപ്പറുകൾ കണ്ട് വിദ്യാർത്ഥികൾ ഞെട്ടി.വീഴ്ച ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇൻവിജിലേറ്റർമാർ പേപ്പറുകൾ തിരികെ വാങ്ങി.

ഏകദേശം 300ഓളം വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതാൻ എത്തിയിരുന്നത്. ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് അടങ്ങിയ കവർ അബദ്ധത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് അയച്ചതാണ് വൻ വീഴ്ചയ്ക്ക് കാരണമായതെന്ന് സർക്കാർ ഉദ്യോഗസ്ഥർ സമ്മതിച്ചു. പരീക്ഷാ സമയത്ത് മാത്രം തുറക്കുന്ന രീതിയിലാണ് ഈ കവറുകൾ സൂക്ഷിക്കുന്നത്. ഇവ വിദ്യാര്‍ഥകൾക്ക് വിതരണം ചെയ്യുന്നത് വരെ തെറ്റ് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.

സംഭവത്തിന് പിന്നാലെ പരീക്ഷാ കേന്ദ്രത്തിലും സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലും വിദ്യാർത്ഥികൾ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത വിദ്യാർത്ഥികൾ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പരീക്ഷ റദ്ദാക്കിയതായും ഇത് ജൂൺ 27-ലേക്ക് മാറ്റിവെച്ചതായും കൺട്രോളർ ഓഫ് എക്സാമിനേഷൻസ് രാകേഷ് റാവു അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ സർവകലാശാലകളിൽ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ആവര്‍ത്തിക്കുന്ന സാഹചര്യമാണ്. ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് നൽകിയ സംഭവം കഴിഞ്ഞ വര്‍ഷവും വലിയ വിവാദമായിരുന്നു. ഇതേ സംഭവമാണ് ഈ വര്‍ഷവും ആവര്‍ത്തിച്ചിരിക്കുന്നത്.

അൽവാറിലും സമാനമായ രീതിയിൽ പരീക്ഷാ നടത്തിപ്പിൽ വീഴ്ച റിപ്പോർട്ട് ചെയ്തു. അൽവാറിലെ രാജർഷി ഭർതൃഹരി ഫിഷറീസ് സർവകലാശാലയിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. 'കമ്പനി ലോ' പരീക്ഷയ്ക്ക് പകരം 'ബിസിനസ് ലോ' ചോദ്യപേപ്പർ നൽകിയതായിരുന്നു അവിടെ പ്രശ്നം. പരീക്ഷ റദ്ദാക്കി പുതിയ തീയതി പ്രഖ്യാപിക്കലാണ് ഇതിന് മേൽ സ്വീകരിച്ചു വരുന്ന നടപടി. ഇത്തവണ വിദ്യാ‍ര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366533/answer-key-distributed-instead-of-question-paper-at-rajasthan-university-exam-cancelled)