---
title: " 'ഒരു പൈസ പോലും പി എം ശ്രീ പദ്ധതിയില്‍ നിന്ന് എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നു' - വി ശിവൻകുട്ടി"
english_title: "LDF government has not taken a single penny from PM Shri scheme, says V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366531/ldf-government-has-not-taken-a-single-penny-from-pm-shri-scheme-says-v-sivankutty"
published_at: "2026-06-17T12:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a324c450c965_PM_SHRI.jpg"
keywords: ["Latest News", "V Sivankutty", "PM Shri Scheme", "LDF Government", "UDF", "V D Satheesan"]
---

#  'ഒരു പൈസ പോലും പി എം ശ്രീ പദ്ധതിയില്‍ നിന്ന് എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നു' - വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

## Article Content

**തിരുവനന്തപുരം: **പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നും വിമര്‍ശിച്ചു.

പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

പി എം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ ശിവൻകുട്ടി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.

പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് .99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആശയപരമായി പദ്ധതിയോടുള്ള എതിർപ്പുകളിൽ ഒന്ന് പാഠ്യപദ്ധതിയിൽ കേന്ദ്ര സർക്കാർ ഇടപെടരുത് എന്നാണ്,

പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണം. ഒരു കാരണവശാലും പാഠ്യപദ്ധതിയിൽ ഇടപെടാനുള്ള അവകാശം കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകില്ല മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.

മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366531/ldf-government-has-not-taken-a-single-penny-from-pm-shri-scheme-says-v-sivankutty)