---
title: "'വടകരയുടെ മണ്ണിൽ വിഷം കലർത്താൻ ശ്രമിച്ചു, പാർട്ടിയുടെ താഴെത്തട്ടിലെ ആരുടെയെങ്കിലും തലയില്‍ വിരിഞ്ഞ ബുദ്ധിയല്ല കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് '- ഷാഫി പറമ്പില്‍ "
english_title: "Kafir screenshot case in Vadakara, DYFI leader, Vadakara MP Shafi Parambil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366519/kafir-screenshot-case-in-vadakara-dyfi-leader-vadakara-mp-shafi-parambil"
published_at: "2026-06-17T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32429524a1b_shafi_parambil.jpg"
keywords: ["Latest News", "Shafi Parambil", "Vatakara MP", "DYFI", "Kafir Screenshot Case"]
---

# 'വടകരയുടെ മണ്ണിൽ വിഷം കലർത്താൻ ശ്രമിച്ചു, പാർട്ടിയുടെ താഴെത്തട്ടിലെ ആരുടെയെങ്കിലും തലയില്‍ വിരിഞ്ഞ ബുദ്ധിയല്ല കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് '- ഷാഫി പറമ്പില്‍ 

> **Lead Summary:** **കോഴിക്കോട് : **) വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഏഐ നേതാവ് അറസ്റ്റിലായതില്‍ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പില്‍.

## Article Content

**കോഴിക്കോട് : **) വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഏഐ നേതാവ് അറസ്റ്റിലായതില്‍ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പില്‍.

ഇത് ഡിവൈഎഫ്‌ഐയുടേയോ സിപിഐഎമ്മിലെയോ താഴെത്തട്ടിലെ ആരുടെയെങ്കിലും തലയില്‍ വിരിഞ്ഞ ബുദ്ധിയല്ലെന്നും പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെ വടകരയുടെ മണ്ണില്‍ വിഷം കലക്കാന്‍ ശ്രമം നടന്നെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

കേരളത്തിലെ പൊലീസ് വിചാരിച്ചാല്‍ രണ്ടാഴ്ച കൊണ്ട് തീര്‍ക്കാവുന്ന കേസ് രണ്ടുകൊല്ലം നീട്ടിക്കൊണ്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. എന്തുകൊണ്ടെന്നാല്‍ ഇതിന് പിന്നില്‍ തങ്ങളുടെ നേതാക്കളെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് അറിയാമായിരുന്നുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ നാടിന്റെ ഐക്യത്തെ തകര്‍ക്കാനാണ് സിപിഐഎമ്മിലെ ചിലര്‍ ശ്രമിച്ചതെന്നാണ് ഷാഫി പറമ്പിലിന്റെ ആരോപണം. വ്യക്തിപരമായി എന്നെ തകര്‍ക്കാനല്ല ഈ നാടിന്റെ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമമുണ്ടായത്. ഇതിന് മുമ്പും ശേഷവും ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മാഷാ അള്ളാ സ്റ്റിക്കര്‍ ആരും മറന്നിട്ടില്ല.

ഫസലിനെ കൊന്നതിന് ശേഷമുള്ള തൂവാല എന്തിന് അമ്പലത്തിന് മുന്നിലിട്ടു എന്നതിന് ഇപ്പോഴും നമ്മുക്ക് മുന്നില്‍ ഉത്തരമില്ല. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്നത്തെ സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പെടെ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടയാക്കി. എന്നാല്‍ അതിനൊന്നും വടകരയിലെ ജനങ്ങള്‍ നിന്നുകൊടുത്തില്ല എന്നതാണ് അവരുടെ പ്രബുദ്ധതയെന്നും ഷാഫി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലെ വര്‍ഗീയ വിഷമാകാന്‍ നേതാക്കള്‍ ശ്രമിക്കരുതായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വര്‍ഗീയ വിഷം നിറച്ച ഒരു ബോംബാണ് വടകരയില്‍ അവര്‍ ഇറക്കാന്‍ ശ്രമിച്ചത്. അത് പൊതുസമൂഹം ഡിറ്റക്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366519/kafir-screenshot-case-in-vadakara-dyfi-leader-vadakara-mp-shafi-parambil)