---
title: "ശബരിമലയിലെ സ്വർണ്ണമേൽക്കൂരയിൽ നിറവ്യത്യാസം; നെയ്യ് വീണതാകാമെന്ന് ദേവസ്വം ബോർഡ്, വൃത്തിയാക്കാൻ അനുമതി തേടും"
english_title: "Color change in the golden roof of Sabarimala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366471/color-change-in-the-golden-roof-of-sabarimala"
published_at: "2026-06-17T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3221703203f_sabarimala.jpg"
keywords: ["Latest News", "Pathanamthitta", "Sabarimala", "Golden Roof"]
---

# ശബരിമലയിലെ സ്വർണ്ണമേൽക്കൂരയിൽ നിറവ്യത്യാസം; നെയ്യ് വീണതാകാമെന്ന് ദേവസ്വം ബോർഡ്, വൃത്തിയാക്കാൻ അനുമതി തേടും

> **Lead Summary:** **പത്തനംതിട്ട:[ **ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിൽ സ്വർണത്തിന്റെ നിറം മങ്ങിയ നിലയിൽ കണ്ടെത്തിയത് ഭക്തർക്കിടയിലും ദേവസ്വം ബോർഡിനും ആശങ്ക ഉയർത്തുന്നു.

## Article Content

**പത്തനംതിട്ട:[ **ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിൽ സ്വർണത്തിന്റെ നിറം മങ്ങിയ നിലയിൽ കണ്ടെത്തിയത് ഭക്തർക്കിടയിലും ദേവസ്വം ബോർഡിനും ആശങ്ക ഉയർത്തുന്നു.

ശ്രീകോവിലിന്റെ വലതുഭാഗത്ത് രണ്ടടി നീളത്തിലും പിന്നിൽ മുഖപ്പിനു താഴെയും സമാനമായ രീതിയിൽ കറുത്ത നിറം ബാധിച്ചതായാണ് ശ്രദ്ധയിൽപ്പെട്ടത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ആരോ നെയ്യ് വലിച്ചെറിഞ്ഞത് മേൽക്കൂരയിൽ വീഴുകയും, പിന്നീട് പൊടിയും മറ്റ് അഴുക്കുകളും ചേർന്ന് കറുത്ത നിറമായി മാറിയതുമാണ് ഈ നിറവ്യത്യാസത്തിന് കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രാഥമിക നിഗമനം.

ഈ വർഷം ജനുവരി മാസത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. ഡിസംബർ 30-ന് മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ശേഷം ജനുവരി ഒന്നിന് പകർത്തിയ ചിത്രങ്ങളിൽ ഈ പാടുകൾ കാണാനില്ലായിരുന്നു.

ജനുവരി രണ്ട് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലെപ്പോഴോ ആണ് നെയ്യ് വീണതെന്നാണ് വിലയിരുത്തൽ. ആ സമയത്ത് മഴ ലഭിക്കാതിരുന്നതിനാൽ നെയ്യ് മേൽക്കൂരയിൽ തന്നെ പിടിച്ചുനിൽക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുവാഭരണം കമ്മിഷണർ ആർ. റെജിലാലിന്റെ നേതൃത്വത്തിൽ ദേവസ്വം സ്മിത്ത് അടക്കമുള്ളവർ സ്ഥലത്ത് പരിശോധന നടത്തി. വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ കറ മാറുമെന്നാണ് വിദഗ്ധരുടെ നിർദേശം.

എങ്കിലും, ശ്രീകോവിലായതിനാൽ ഇത്തരമൊരു പ്രവർത്തിക്ക് തന്ത്രിയുടെ അനുമതി അനിവാര്യമാണ്. അതിനാൽ, ഹൈക്കോടതിയുടെ പ്രത്യേക അനുമതി കൂടി വാങ്ങിയ ശേഷം മാത്രമേ മേൽക്കൂര വൃത്തിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366471/color-change-in-the-golden-roof-of-sabarimala)