---
title: "സ്വത്തിന് വേണ്ടി ക്രൂരത; അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി, മകനും സുഹൃത്തും അറസ്റ്റിൽ "
english_title: "Father kidnapped and taken to mental health facility, son and friend arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366460/father-kidnapped-and-taken-to-mental-health-facility-son-and-friend-arrested"
published_at: "2026-06-17T09:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b490c4af3_police.1697912334.jpg"
keywords: ["Latest News", "Kidnap Case", "Mental Health Hospital", "Cheruthoni", "Arrest", "Police Case"]
---

# സ്വത്തിന് വേണ്ടി ക്രൂരത; അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി, മകനും സുഹൃത്തും അറസ്റ്റിൽ 

> **Lead Summary:** **ഇടുക്കി: **സ്വത്ത് തർക്കത്തെത്തുടർന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി പാലക്കാട് മുണ്ടൂരുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ തള്ളിയെന്ന കേസിൽ മകൻ അറസ്റ്റിൽ. സഹായിച്ച സുഹൃത്തിനെയും പിടികൂടി.

## Article Content

**ഇടുക്കി: **സ്വത്ത് തർക്കത്തെത്തുടർന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി പാലക്കാട് മുണ്ടൂരുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ തള്ളിയെന്ന കേസിൽ മകൻ അറസ്റ്റിൽ. സഹായിച്ച സുഹൃത്തിനെയും പിടികൂടി.

പടമുഖം സ്വദേശി കൊച്ചുപറമ്പിൽ ദീപു മോഹൻദാസ്, പാലക്കാട് സ്വദേശി പുള്ളത്തു വീട്ടിൽ മുഹമ്മദ്‌ ഫാസിൽ എന്നിവരെയാണ് ഇടുക്കി പോലീസ് അറസ്റ്റുചെയ്തത്.

ദീപുവിന്റെ അച്ഛൻ കൊച്ചുപറമ്പിൽ മോഹൻദാസിനെ(56) ആണ് മാനസികരോഗിയും മദ്യത്തിനടിമയുമാണെന്ന്‌ വരുത്തിത്തീർത്ത് മാനസികാരോഗ്യേകന്ദ്രത്തിൽ തള്ളിയത്.

ജൂൺ 12-നായിരുന്നു സംഭവം. മോഹൻദാസും ദീപുവും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കമുണ്ട്. സ്വത്തിന്റെ പേരിൽ ദീപു നിരന്തരം ‌ശല്യംചെയ്യുന്നു എന്ന പരാതി നൽകാൻ ചെറുതോണിയിലെത്തി വക്കീലിനെ കണ്ട് മടങ്ങും വഴിക്കാണ് സംഭവം.

മോഹൻദാസിനെ കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തി ദീപുവും കൂട്ടരും പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. മോഹൻദാസിന്റെ സഹോദരി ഷൈലജ കട്ടപ്പന പോലീസിൽ പരാതി നൽകി. എഫ്.ഐ.ആർ. എടുത്തശേഷം പരാതി ഇടുക്കി പോലീസിന് കൈമാറുകയുമായിരുന്നു.

തുടർന്ന് എസ്.എച്ച്.ഒ. വിപിൻ ഗോപിനാഥൻ, എസ്.ഐ. ജോർജുകുട്ടി കെ.വൈ., എ.എസ്.ഐ. രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിൽജിത്ത് കുമാർ, സി.പി.ഒ. ശ്രീജിത്ത്‌ ഡ്രൈവർ ജിമ്മി ജേക്കബ് എന്നിവരടങ്ങിയ സംഘം പാലക്കാട്ടെത്തി മോഹൻദാസിനെ തിരികെയെത്തിച്ചു.

ആലുവയിൽനിന്ന് ദീപുവിനെയും സുഹൃത്ത് പാലക്കാട്‌ സ്വദേശി പുള്ളത്തുവീട്ടിൽ മുഹമ്മദ്‌ ഫാസിലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366460/father-kidnapped-and-taken-to-mental-health-facility-son-and-friend-arrested)