---
title: "ഫാത്തിമയ്ക്ക് ഒപ്പമുണ്ടായിരുന്നത് മൂന്ന് യുവാക്കള്‍; അരീക്കോട് സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മിന്നൽ റെയ്ഡിൽ ലക്ഷണങ്ങളുടെ എം.ഡി.എം.എ പിടികൂടി"
english_title: "operation toofan four people including a college student arrested with mdma"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366420/operation-toofan-four-people-including-a-college-student-arrested-with-mdma"
published_at: "2026-06-16T20:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a316bfc76960_ARREST.jpg"
keywords: ["Latest News", "MDMA", "Arrest", "Operation Toofan"]
---

# ഫാത്തിമയ്ക്ക് ഒപ്പമുണ്ടായിരുന്നത് മൂന്ന് യുവാക്കള്‍; അരീക്കോട് സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മിന്നൽ റെയ്ഡിൽ ലക്ഷണങ്ങളുടെ എം.ഡി.എം.എ പിടികൂടി

> **Lead Summary:** മലപ്പുറം: അരീക്കോട് സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മിന്നൽ റെയ്ഡിൽ, 14.120 ഗ്രാം എം.ഡി.എം.എയുമായി കോളജ് വിദ്യാർഥിനി ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. സംസ്ഥാനവ്യാപകമായി ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന 'ഓപറേഷൻ തൂഫാന്റെ' ഭാഗമായായിരുന്നു നടപടി.

## Article Content

മലപ്പുറം: അരീക്കോട് സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മിന്നൽ റെയ്ഡിൽ, 14.120 ഗ്രാം എം.ഡി.എം.എയുമായി കോളജ് വിദ്യാർഥിനി ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. സംസ്ഥാനവ്യാപകമായി ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന 'ഓപറേഷൻ തൂഫാന്റെ' ഭാഗമായായിരുന്നു നടപടി.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തെ തുടർന്ന് അരീക്കോട് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ നീക്കത്തിലാണ് അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്ന് പ്രതികൾ വലയിലാകുന്നത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.

പൂക്കളത്തൂർ സ്വദേശി വാര്യംകുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ദിൽഷാദ്, പൂക്കളത്തൂർ തൃപ്പനച്ചി സ്വദേശി കുന്നിക്കൽ വീട്ടിൽ ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി മുണ്ടിയൻ കുന്നത്ത് വീട്ടിൽ സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദ മൻസ്സിൽ വീട്ടിൽ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്.

ഇതിൽ ഫിദാ ഫാത്തിമ കോളജ് വിദ്യാർഥിനിയാണ്. അറസ്റ്റിലായവരിൽ രണ്ട് പേർ മുമ്പും ലഹരിമരുന്ന് കേസുകളിൽ പെട്ട് ജാമ്യത്തിലിറങ്ങിയവരാണെന്ന് പൊലീസ് വ്യക്തമാക്കി. മഞ്ചേരി, അരീക്കോട് ഉൾപ്പെടെയുള്ള മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്ന ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ പിടിമുറുക്കുന്നത് തടയാൻ വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് പൊലീസും ഡാൻസാഫും അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലഹരിവസ്തുക്കളുടെ യഥാർഥ ഉറവിടവും ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ഇടനിലക്കാരെയും കണ്ടെത്താനായി അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366420/operation-toofan-four-people-including-a-college-student-arrested-with-mdma)