---
title: "'കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സഹായം വേണം; അല്ലെങ്കിൽ ഡീസൽ പകുതി വിലയ്ക്ക് നൽകുക'', സഹായമില്ലെങ്കില്‍ സമരം വേണ്ടിവരുമെന്ന് ബസ് ഉടമകള്‍"
english_title: "Government should take over private buses Bus owners say they will have to strike if no help is provided"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366368/government-should-take-over-private-buses-bus-owners-say-they-will-have-to-strike-if-no-help-is-provided"
published_at: "2026-06-16T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312093a7121_bus.jpg"
keywords: ["latest news", "private buses", "strike", "diesel"]
---

# 'കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സഹായം വേണം; അല്ലെങ്കിൽ ഡീസൽ പകുതി വിലയ്ക്ക് നൽകുക'', സഹായമില്ലെങ്കില്‍ സമരം വേണ്ടിവരുമെന്ന് ബസ് ഉടമകള്‍

> **Lead Summary:** തൃശൂർ:**[ ** കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പശ്ചാത്തലത്തിൽ, തങ്ങൾക്കും സർക്കാർ ധനസഹായം വേണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വരുന്ന ജൂലൈ മുതൽ ശക്തമായ സമരത്തിലേക്ക് പോകുമെന്ന് തൃശൂരിൽ ചേർന്ന യോഗത്തിന് ശേഷം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

തൃശൂർ:**[ ** കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പശ്ചാത്തലത്തിൽ, തങ്ങൾക്കും സർക്കാർ ധനസഹായം വേണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വരുന്ന ജൂലൈ മുതൽ ശക്തമായ സമരത്തിലേക്ക് പോകുമെന്ന് തൃശൂരിൽ ചേർന്ന യോഗത്തിന് ശേഷം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണമെന്നാണ് ഫെഡറേഷന്റെ പ്രധാന ആവശ്യം. ഡ്രൈവറെ ബസ് ഉടമ നിയമിക്കാമെന്നും കണ്ടക്ടറെ സർക്കാർ നിശ്ചയിക്കട്ടെയെന്നും ബസുടമകൾ പ്രതികരിച്ചു.

 കിലോമീറ്ററിന് 55 രൂപ വീതം സർക്കാർ ഉടമകൾക്ക് നൽകണം. പ്രതിദിന കളക്ഷൻ തുക സർക്കാരിലേക്ക് ഒടുക്കാം. മറ്റെല്ലാ ചെലവുകളും ഉടമകൾ തന്നെ വഹിക്കും. സർക്കാർ കൃത്യമായ തുക നൽകുകയാണെങ്കിൽ സ്വകാര്യ ബസുകളിലും വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണ്.

മുകളിൽ പറഞ്ഞവയ്ക്ക് തയ്യാറല്ലെങ്കിൽ പകുതി വിലയ്ക്ക് ഡീസൽ നൽകുകയോ, റോഡ് ടാക്സ് പൂർണ്ണമായി ഒഴിവാക്കുകയോ വേണം. ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ ആവശ്യങ്ങൾ ബോധിപ്പിക്കുമെന്നും ബസുടമകൾ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ വനിതകൾക്ക് യാത്ര സൗജന്യമാക്കിയത് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്നുമാണ് ഇവരുടെ ആശങ്ക.

**എന്താണ് 'പ്രിയദർശിനി' പദ്ധതി?**

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു പദ്ധതിയുടെ ഉദ്ഘാടന യാത്ര.  സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും യാതൊരുവിധ തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയും ബാധകമല്ല.

ഈ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾക്ക് ഇനി മുതൽ കൺസെഷൻ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല. പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലുമായി 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366368/government-should-take-over-private-buses-bus-owners-say-they-will-have-to-strike-if-no-help-is-provided)