---
title: "വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടുകയും നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്തതായി പരാതി"
english_title: "Woman drugged and raped in Nagpur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366352/woman-drugged-and-raped-in-nagpur"
published_at: "2026-06-16T14:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a310e85003fe_18.jpg"
keywords: ["Latest News", "Mumbai", "Drugged And Tortured"]
---

# വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടുകയും നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്തതായി പരാതി

> **Lead Summary:** **മുംബൈ: [ **വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ലഹരി നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

## Article Content

**മുംബൈ: [ **വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ലഹരി നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായും പരാതിയുണ്ട്. നാഗ്പുരിലെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), അമീൻ ഷെയ്ഖ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ ഹസ്രത്ത് മൗലാന ഒളിവിലാണ്.

പരാതിക്കാരിയായ 24 വയസ്സുകാരി റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വസ്തു ഇടപാടിന്റെ ആവശ്യത്തിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ അയ്യാസ്, ലഹരി കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതികൾ, അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന 3.09 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

പീഡനത്തിന് പിന്നാലെ യുവതിയെ മതം മാറ്റാനും പ്രതികൾ സമ്മർദ്ദം ചെലുത്തി. കഴിഞ്ഞ മെയ് മാസത്തിൽ കാൽമേശ്വറിലെ വിജനമായ സ്ഥലത്തെത്തിച്ച് മതപരമായ ചടങ്ങുകൾ നടത്തി മതം മാറ്റം പൂർത്തിയാക്കിയതായി അവർ അവകാശപ്പെട്ടു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കരഞ്ഞുപറയുന്ന യുവതിയെ ബലമായി പിടിച്ചുനിർത്തി മന്ത്രങ്ങൾ ചൊല്ലുന്നതും പ്രതികൾ അതിന് നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മതം മാറ്റത്തിന് ശേഷം അയ്യാസ് യുവതിയെ വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും പീഡനത്തിന് ശ്രമിക്കുകയും ചെയ്തു.

വിവാഹിതയായതിനാൽ ഭയന്നാണ് യുവതി ഈ ക്രൂരതകൾ പുറത്തുപറയാതിരുന്നത്. എന്നാൽ മൂന്ന് ദിവസം മുൻപ് ഭർത്താവിനോട് കാര്യങ്ങൾ തുറന്നു പറയുകയും ജൂൺ 13-ന് സോനെഗാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

വീഡിയോ ദൃശ്യങ്ങൾ മുഖ്യ തെളിവായി സ്വീകരിച്ച പോലീസ്, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്ക് പുറമെ നരബലിയും അന്ധവിശ്വാസങ്ങളും തടയുന്ന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366352/woman-drugged-and-raped-in-nagpur)