---
title: "വിശ്രമിക്കാൻ പോലും സമയമില്ല; രാത്രിക്ക് രാത്രി ഇറാൻ ടീമിനെ അതിർത്തി കടത്തി യുഎസ്, പ്രതിഷേധവുമായി കോച്ചും താരങ്ങളും"
english_title: "No time to even rest; US forces Iran team to cross border night after night, coach and players protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366302/no-time-to-even-rest-us-forces-iran-team-to-cross-border-night-after-night-coach-and-players-protest"
published_at: "2026-06-16T11:55:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30edab422d3_RGEDG.jpg"
keywords: ["FIFA WORLD CUP 2026", "SPORTS", "IRAN", "US"]
---

# വിശ്രമിക്കാൻ പോലും സമയമില്ല; രാത്രിക്ക് രാത്രി ഇറാൻ ടീമിനെ അതിർത്തി കടത്തി യുഎസ്, പ്രതിഷേധവുമായി കോച്ചും താരങ്ങളും

> **Lead Summary:** ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാൻ ആവശ്യപ്പെട്ട് അധികൃതർ. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം, കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ യുഎസ് അധികൃതർ നിർദ്ദേശം നൽകിയത്.

## Article Content

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാൻ ആവശ്യപ്പെട്ട് അധികൃതർ. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം, കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ യുഎസ് അധികൃതർ നിർദ്ദേശം നൽകിയത്.

യുഎസിന്റെ ഈ നിലപാടിനെതിരെ ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിന് ശേഷം കാലിഫോർണിയയിൽ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാൻ ടീം നിശ്ചയിച്ചിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ 140 മൈൽ അകലെയുള്ള മെക്സിക്കൻ അതിർത്തി നഗരമായ തിഹുവാനയിലേക്ക് മടങ്ങാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.

> "ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും അവർ സമയം തന്നില്ല. കളി കഴിഞ്ഞയുടൻ 'നിങ്ങൾ ഉടൻ തന്നെ രാജ്യം വിടണം' എന്നാണ് അവർ പറഞ്ഞത്. കളിക്കാർക്ക് മത്സരത്തിന് ശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനമാണ്. എന്നാൽ ഞങ്ങളോട് ഉടൻ തന്നെ വിമാനത്തിൽ കയറി തിഹുവാനയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് അവർ ഞങ്ങളെ ഇങ്ങനെ മടക്കി അയക്കുന്നതെന്ന് അറിയില്ല. ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതുമായ ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും." – അമീർ ഖാലെനോയി (ഇറാൻ കോച്ച്)

 ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, കോച്ചിങ് സ്റ്റാഫുകൾ, ഔദ്യോഗിക മാധ്യമ ഉദ്യോഗസ്ഥർ എന്നിവരടക്കം നിരവധി പേർക്ക് യുഎസ് വിസ നിഷേധിച്ചതായി താരം വെളിപ്പെടുത്തി.

 തിഹുവാനയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് എത്തുന്നതിന് മാത്രം തങ്ങൾക്ക് 5 മണിക്കൂറോളം സെക്യൂരിറ്റി പരിശോധനകൾക്കായി ചിലവഴിക്കേണ്ടി വന്നതായി താരം പറഞ്ഞു. കാര്യങ്ങൾ തങ്ങൾക്ക് ഒരു ദുരന്തം പോലെയാണ് അനുഭവപ്പെടുന്നതെന്നും ഫിഫ കൂടുതൽ ഇടപെടണമെന്നും താരെമി ആവശ്യപ്പെട്ടു.

ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് ശേഷമാണ് ഇറാന്റെ ലോകകപ്പ് യാത്ര വലിയ പ്രതിസന്ധിയിലായത്. യുഎസിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സുരക്ഷിതമായ മറ്റൊരു വേദികളിലേക്ക് മാറ്റണമെന്ന് ഇറാൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഒടുവിൽ കടുത്ത സുരക്ഷാ-യാത്രാ നിയന്ത്രണങ്ങളോടെയാണ് ഇറാൻ ടൂർണമെന്റിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

ആരാധകരുടെ കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും കൂക്കിവിളികൾക്കും നടുവിലാണ് ഇറാൻ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 സമനില പിടിച്ചത്. മത്സരത്തിൽ രണ്ടുതവണ പിന്നിലായ ശേഷമായിരുന്നു ഇറാന്റെ ശക്തമായ തിരിച്ചുവരവ്. വരുന്ന ഞായറാഴ്ച ബെൽജിയത്തിനെതിരെയുള്ള ഇറാന്റെ അടുത്ത മത്സരവും ലോസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. യാത്രാ വിലക്കുകൾ മൂലം ടീമിന് നിരന്തരം അതിർത്തി കടന്ന് മെക്സിക്കോയിലേക്ക് മടങ്ങേണ്ടി വരുന്നത് കളിക്കാരുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366302/no-time-to-even-rest-us-forces-iran-team-to-cross-border-night-after-night-coach-and-players-protest)