---
title: "'ലാഭത്തിനായി വ്യക്തിജീവിതം സെൻസേഷണലൈസ് ചെയ്യുന്നു'; സ്വകാര്യ നിമിഷങ്ങൾ വളച്ചൊടിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക്  മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലി"
english_title: "Video that violates privacy Fatima Tehliya warns online media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366291/video-that-violates-privacy-fatima-tehliya-warns-online-media"
published_at: "2026-06-16T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e7bfc9fa9_fathima.jpg"
keywords: ["Facebook post", "Fatima Tehlia MLA", "Online paparazzi", "Legal action"]
---

# 'ലാഭത്തിനായി വ്യക്തിജീവിതം സെൻസേഷണലൈസ് ചെയ്യുന്നു'; സ്വകാര്യ നിമിഷങ്ങൾ വളച്ചൊടിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക്  മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലി

> **Lead Summary:** **തിരുവനന്തപുരം: **തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് അവർ കുറ്റപ്പെടുത്തി.**

## Article Content

**തിരുവനന്തപുരം: **തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് അവർ കുറ്റപ്പെടുത്തി.**

ഫേസ്ബുക്ക് കുറിപ്പ്**

*എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്: ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.*

> *എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ “മീഡിയ” എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.*

*ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.*

*സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി സെൻസേഷണലൈസ് ചെയ്യുകയും അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ മോണിറ്റൈസ് ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.*

*ഇത്തരം ചാനലുകൾ എന്റെ പി. ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു. പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. *

*അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു കോഡ് ഓഫ് കോൺഡക്റ്റും പാലിക്കാതെ ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.*

*ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല. *

*ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ സ്റ്റോക്കിം​ഗും പ്രൈവസി വയലേഷനും ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366291/video-that-violates-privacy-fatima-tehliya-warns-online-media)