---
title: "എൻ.സി.ഇ.ആർ.ടി.യുടെ പുതിയ പാഠപുസ്തകത്തില്‍ ചരിത്ര ശില്‍പമായ ‘നൃത്തംചെയ്യുന്ന പെൺകുട്ടി’ക്ക് വസ്ത്രം; രൂപമാറ്റത്തിൽ വ്യാപക വിമര്‍ശനം"
english_title: "NCERT New Textbook Gives Clothing To Dancing Girl Indus Valley Sculpture"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366233/ncert-new-textbook-gives-clothing-to-dancing-girl-indus-valley-sculpture"
published_at: "2026-06-16T08:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30b9d09df06_NCERT.jpg"
keywords: ["Latest News", "NCERT", "Dancing Girl", "NEP"]
---

# എൻ.സി.ഇ.ആർ.ടി.യുടെ പുതിയ പാഠപുസ്തകത്തില്‍ ചരിത്ര ശില്‍പമായ ‘നൃത്തംചെയ്യുന്ന പെൺകുട്ടി’ക്ക് വസ്ത്രം; രൂപമാറ്റത്തിൽ വ്യാപക വിമര്‍ശനം

> **Lead Summary:** ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ സിന്ധൂനദീതട സംസ്‌കാരത്തിന്റെ പ്രശസ്തമായ അടയാളങ്ങളിലൊന്നായ മോഹന്‍ ജദാരോയിലെ 'ഡാന്‍സിങ് ഗേള്‍'(നൃത്തംചെയ്യുന്ന പെൺകുട്ടി) വെങ്കല ശില്‍പം പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തില്‍. ചിത്രത്തിന്റെ നഗ്നത മറയ്ക്കുന്നവിധത്തില്‍ വസ്ത്രം ധരിപ്പിച്ച രൂപത്തിലാണ് ശില്‍പമുള്ളത്. പിന്നാലെ സംഭവം വിവാദത്തിലായി.

## Article Content

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ സിന്ധൂനദീതട സംസ്‌കാരത്തിന്റെ പ്രശസ്തമായ അടയാളങ്ങളിലൊന്നായ മോഹന്‍ ജദാരോയിലെ 'ഡാന്‍സിങ് ഗേള്‍'(നൃത്തംചെയ്യുന്ന പെൺകുട്ടി) വെങ്കല ശില്‍പം പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തില്‍. ചിത്രത്തിന്റെ നഗ്നത മറയ്ക്കുന്നവിധത്തില്‍ വസ്ത്രം ധരിപ്പിച്ച രൂപത്തിലാണ് ശില്‍പമുള്ളത്. പിന്നാലെ സംഭവം വിവാദത്തിലായി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എന്‍സിഇആര്‍ടി പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തക പരമ്പരയിലെ ഒന്നാം അധ്യായമായ 'ഹിസ്റ്ററി ഓഫ് ആര്‍ട്‌സ്' എന്ന ഭാഗത്താണ് എഡിറ്റ് ചെയ്ത ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തോള്‍ ഭാഗത്തുനിന്ന് താഴേയ്ക്ക് നിഴല്‍ ഉപയോഗിച്ച് മറയ്ക്കുകയും വസ്ത്രം ധരിച്ചിട്ടുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ചിത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്.

വിഷയം ശ്രദ്ധയില്‍പ്പെട്ടയുടൻ തന്നെ ബന്ധപ്പെട്ട വകുപ്പിനോട് വിഷയം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതായി എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് സക്ലാനി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ശില്‍പത്തിന്റെ ചിത്രം ഉപയോഗിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ശിൽപത്തിന്റെ രൂപത്തില്‍ ഇത്തരമൊരു മാറ്റം വരുത്തുന്നത്.

നടപടിക്ക് പിന്നാലെ പലതരത്തിലുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെന്‍സര്‍ഷിപ്പ് നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

ചിത്രത്തില്‍ വരുത്തിയ മാറ്റം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് മുന്‍ എന്‍സിഇആര്‍ടി പാഠപുസ്തക വികസന സമിതി അധ്യക്ഷനും പ്രശസ്ത ചരിത്രകാരനുമായ മിഷേല്‍ ഡാനിനോ പ്രതികരിച്ചു. മോഹന്‍ജൊദാരോയില്‍ നിന്ന് കണ്ടെത്തിയ യഥാര്‍ത്ഥ വെങ്കല പ്രതിമയ്ക്ക് ഏകദേശം 10.5 സെന്റീമീറ്റര്‍ ഉയരമുണ്ട്. ശില്‍പം നിലവില്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366233/ncert-new-textbook-gives-clothing-to-dancing-girl-indus-valley-sculpture)