---
title: "വിലങ്ങാട് ദുരന്തം: എം.എല്‍.എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു"
english_title: "Vilangad Landslide A Special Meeting Was Held Under The Leadership Of The MLA And The Collector "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366204/vilangad-disaster-a-special-meeting-was-held-under-the-leadership-of-the-mla-and-the-collector"
published_at: "2026-06-15T20:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3016281a8da_Vilangad_Landslide_1.jpg"
keywords: ["Latest News", "Vilangad Landslide", "Special Meeting", "MLA  K. M. Abhijith", "District Collector M.S. Madhavikutty"]
---

# വിലങ്ങാട് ദുരന്തം: എം.എല്‍.എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു

> **Lead Summary:** കോഴിക്കോട് : ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ സാന്നിദ്ധ്യത്തിൽ കെ എം അഭിജിത്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു.

## Article Content

കോഴിക്കോട് : ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ സാന്നിദ്ധ്യത്തിൽ കെ എം അഭിജിത്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു.

തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, ജലസേചന പ്രവൃത്തികള്‍ തുടങ്ങിയവ പൂര്‍ത്തിയാകാത്തതില്‍ ആശങ്ക അറിയിച്ച എം.എല്‍.എ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

വീടുകളും കടകളും കൃഷിയുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ബാക്കി നല്‍കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് അറിയിച്ച കലക്ടര്‍, സ്ഥിരം അഭയകേന്ദ്രം ഒരുക്കുന്നതിനുള്ള ഭൂമി എത്രയും വേഗം കണ്ടെത്താന്‍ പഞ്ചായത്തുകളുടെയടക്കം ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു.

ഇതുവരെ പൂര്‍ത്തിയായ പ്രവൃത്തികളുടെയും പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെയും റിപ്പോര്‍ട്ട് തയാറാക്കാനും പ്രവൃത്തികളുടെ ഏകോപനത്തിനുമായി വിലങ്ങാട് നോഡല്‍ ഓഫീസറായി വടകര ആര്‍.ഡി.ഒ കെ കെ പ്രസീലിനെ യോഗം ചുമതലപ്പെടുത്തി.

സഹകരണ ബാങ്കുകളിലേതൊഴികെയുള്ള മറ്റു ബാങ്കുകളിലെ ഇരകളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജിന ആവശ്യപ്പെട്ടു. എന്‍.ഐ.ടി പഠനറിപ്പോര്‍ട്ട് പഞ്ചായത്തിന് അനുവദിക്കണമെന്നും സോണ്‍ പരിധി പുനര്‍നിര്‍ണയിച്ചു നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

വിലങ്ങാട് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വടകര ആര്‍.ഡി.ഒ കെ കെ പ്രസീല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, വടകര തഹസില്‍ദാര്‍ എല്‍ കെ സുബൈര്‍, വാണിമേല്‍ പഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദന്‍, ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രതിനിധി പ്രദീപന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366204/vilangad-disaster-a-special-meeting-was-held-under-the-leadership-of-the-mla-and-the-collector)