---
title: "കൃഷിഭൂമിയെച്ചൊല്ലിയുള്ള തർക്കം: ഛത്തീസ്ഗഡിൽ വയോധികനായ കർഷകനെ ട്രാക്ടർ കയറ്റി കൊന്നു; രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ"
english_title: "Farmer run over by tractor and killed over land dispute, eight arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366144/farmer-run-over-by-tractor-and-killed-over-land-dispute-eight-arrested"
published_at: "2026-06-15T15:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fcc157b7f0_Farmer_killed.jpg"
keywords: ["Latest News", "Farmer Killed", "Chhattisgarh", "Crime"]
---

# കൃഷിഭൂമിയെച്ചൊല്ലിയുള്ള തർക്കം: ഛത്തീസ്ഗഡിൽ വയോധികനായ കർഷകനെ ട്രാക്ടർ കയറ്റി കൊന്നു; രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

> **Lead Summary:** റായ്പൂർ : ഛത്തീസ്ഗഡിൽ ഭൂമിത്തർക്കത്തെത്തുടർന്ന് കർഷകനെ ക്രൂരമായി കൊലപ്പെടുത്തി. സർഗുജ ജില്ലയിലെ ബട്ടോലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പത്രായി ഗ്രാമത്തിലാണ് സംഭവം. കൃഷിഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ അറുപതുകാരനായ കർഷകനെ ഒരുസംഘം ആളുകൾ വടികൊണ്ട് ക്രൂരമായി അടിച്ച ശേഷം ട്രാക്ടർ കയറ്റി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

റായ്പൂർ : ഛത്തീസ്ഗഡിൽ ഭൂമിത്തർക്കത്തെത്തുടർന്ന് കർഷകനെ ക്രൂരമായി കൊലപ്പെടുത്തി. സർഗുജ ജില്ലയിലെ ബട്ടോലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പത്രായി ഗ്രാമത്തിലാണ് സംഭവം. കൃഷിഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ അറുപതുകാരനായ കർഷകനെ ഒരുസംഘം ആളുകൾ വടികൊണ്ട് ക്രൂരമായി അടിച്ച ശേഷം ട്രാക്ടർ കയറ്റി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സിൽമ ഗ്രാമത്തിലെ താമസക്കാരനായ ഹൊസ്രാം പൈക്ര ആണ് കൊല്ലപ്പെട്ടത്. ഹൊസ്രാമിന്റെ ബന്ധു കൂടിയായ പത്രായി ഗ്രാമവാസിയായ ബജ്‌റംഗ് പൈക്രയാണ് മുഖ്യപ്രതി. ഹൊസ്രാമിന്റെ പിതാവിന്റെ സഹോദര ഭാര്യയും ബജ്‌റംഗിന്റെ പിതൃസഹോദരിയുമായ കാമേശ്വരിയുടെ ഉടമസ്ഥതയിലുള്ള 6.30 ഏക്കർ കൃഷിഭൂമിയെ ചൊല്ലിയായിരുന്നു തർക്കം. മക്കളില്ലാത്ത കാമേശ്വരിയെ സംരക്ഷിച്ചിരുന്ന ഹൊസ്രാം കാമേശ്വരിയുടെ വിൽപത്രം പ്രകാരം ഭൂമിയുടെ അവകാശം തനിക്കാണെന്ന് ഉന്നയിച്ചിരുന്നു. ബജ്‌രംഗിന്റെ കുടുംബവും സ്വത്തിന്മേൽ അവകാശവാദം ഉന്നയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പിന്നീട് റവന്യൂ കോടതിയിലെത്തിയ കേസിൽ ആദ്യം ഹൊസ്രാമിന് അനുകൂലമായി വിധി വന്നു. ബജ്‌രംഗും കുടുംബവും പിന്നീട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) കോടതിയിൽ ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജി നൽകി. കോടതി മുമ്പത്തെ തീരുമാനം റദ്ദാക്കുകയും ബജ്‌രംഗിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ഇതോടെ രണ്ട് കുടുംബങ്ങൾക്കുമിടയിൽ തർക്കം വർധിച്ചു.

ബജ്‌രംഗിൻ്റെ കുടുംബം ഞായറാഴ്ച തർക്കമുള്ള വയൽ ഉഴുതുമറിക്കാനും വിളകൾ വിതയ്ക്കാനും എത്തിയിരുന്നു. പിന്നാലെ ഹൊസ്രാം ബന്ധുക്കളോടൊപ്പം വയലിലെത്തി ഇവരെ തടഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പിന്നീട് അക്രമാസക്തമായി. പ്രതികൾ ഹൊസ്രാമിനെ വടികൊണ്ട് ആക്രമിച്ചുവെന്നും നിലത്ത് വീണ ഹൊസ്രാമിന്റെ ശരീരത്തിലൂടെ ട്രാക്ടർ ഇടിച്ചുകയറ്റിയെന്നും ബന്ധുക്കൾ ആരോപിച്ചു. ട്രാക്ടറിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട ഹൊസ്രാം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വിവരം ലഭിച്ചയുടൻ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും പ്രതികളുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കും- സീതാപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാജേന്ദ്ര മാണ്ഡവി പറഞ്ഞു. ട്രാക്ടർ ഓടിച്ച ഉമേഷ്, ബജ്‌റംഗ്, ഭുവനേശ്വർ, മനോജ്, രഘുനന്ദൻ, ബോധൻ, കമ്ലി, പ്യാരി എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന ട്രാക്ടറും പൊലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366144/farmer-run-over-by-tractor-and-killed-over-land-dispute-eight-arrested)