---
title: "'ഡോ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥ,  ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയത് നല്ല തീരുമാനം' - മുൻ മന്ത്രി ഗണേഷ് കുമാർ"
english_title: "Dr. K.J. Reena, Ganesh Kumar, Health Department, Transfer, Health Minister K Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366142/dr-kj-reena-ganesh-kumar-health-department-transfer-health-minister-k-muraleedharan"
published_at: "2026-06-15T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fca484fc31_ganeshkumar.jpg"
keywords: ["Dr. K.J. Reena", "Ganesh Kumar", "Health Department", "Transfer", "Health Minister K Muraleedharan", "K Muraleedharan"]
---

# 'ഡോ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥ,  ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയത് നല്ല തീരുമാനം' - മുൻ മന്ത്രി ഗണേഷ് കുമാർ

> **Lead Summary:** **തിരുവനന്തപുരം: ** ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റിയ തീരുമാനത്തെ പിന്തുണച്ച് മുൻ മന്ത്രി ഗണേഷ് കുമാർ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും, നിയമസഭാ കമ്മിറ്റിയെപ്പോലും അവർ അനുസരിച്ചിരുന്നില്ലെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഇത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റിയ തീരുമാനത്തെ പിന്തുണച്ച് മുൻ മന്ത്രി ഗണേഷ് കുമാർ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും, നിയമസഭാ കമ്മിറ്റിയെപ്പോലും അവർ അനുസരിച്ചിരുന്നില്ലെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഇത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ശരിയാവാമെന്നും ഗണേഷ് കുമാർ പറഞ്ഞു. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ചയുണ്ടായി. ഡിഎച്ച്എസ് വിവാദത്തിൽ വീഴ്ചയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസമാണ് ഡോ. കെ.ജെ. റീനയെ മാറ്റിയത്. അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്കാണ് പുതിയ ചുമതല. ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് മീനാക്ഷിക്ക് നൽകിയിരിക്കുന്നത്. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് ഡോ. റീനയ്ക്ക് നിയമനം.

ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിലെന്ന് വാർത്തകളുണ്ടായിരുന്നു. പകർച്ചവ്യാധി സമയത്ത് ഡോ. റീന അവധി എടുത്തതിൽ കെ. മുരളീധരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്.

അതേസമയം ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. 15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.

തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും കാണിച്ചാണ് സര്‍ക്കാര്‍ നടപടി. പിന്നാലെ, ഡോ. കെ ജെ റീന രണ്ട് ദിവസം അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത് വന്നു. 15 ദിവസത്തെ അവധിയെടുത്തു എന്ന സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശത്തിന് ഘടകവിരുദ്ധമായ രേഖകളാണ് പുറത്തുവന്നത്. സര്‍ക്കാരുമായി സഹകരിച്ചു പോകണമെന്നും ഡിഎച്ച്എസ് ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും മന്ത്രി കെ മുരളീധരന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366142/dr-kj-reena-ganesh-kumar-health-department-transfer-health-minister-k-muraleedharan)