---
title: "'ഇതുപോലൊരു ഗുണ്ടാതലവൻ നഗരസഭയിലുണ്ടായിട്ടില്ല, നടക്കുന്നത് റീൽസ് ഭരണം'; ബിജെപി കൗൺസിലർ സുഗതനെതിരെ തീകൊളുത്തി വി. ശിവൻകുട്ടി"
english_title: "V. Sivankutty also strongly criticized the Thiruvananthapuram Municipality administration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366104/v-sivankutty-also-strongly-criticized-the-thiruvananthapuram-municipality-administration"
published_at: "2026-06-15T13:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fadc0269ed_HGHHG.jpg"
keywords: ["LATEST NEWS", "V. Sivankutty", "Thiruvananthapuram Municipality", "SUGHATHAN"]
---

# 'ഇതുപോലൊരു ഗുണ്ടാതലവൻ നഗരസഭയിലുണ്ടായിട്ടില്ല, നടക്കുന്നത് റീൽസ് ഭരണം'; ബിജെപി കൗൺസിലർ സുഗതനെതിരെ തീകൊളുത്തി വി. ശിവൻകുട്ടി

> **Lead Summary:** തിരുവനന്തപുരം: **[**വധശ്രമക്കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെയും തിരുവനന്തപുരം നഗരസഭ ഭരണത്തിനെതിരെയും കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ഗുണ്ടാതലവൻ ഉണ്ടായിട്ടില്ലെന്നും വഴോട്ട്‌കോണം ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം പറഞ്ഞു. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് ഇടതുമുന്നണി നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തിരുവനന്തപുരം: **[**വധശ്രമക്കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെയും തിരുവനന്തപുരം നഗരസഭ ഭരണത്തിനെതിരെയും കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ഗുണ്ടാതലവൻ ഉണ്ടായിട്ടില്ലെന്നും വഴോട്ട്‌കോണം ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം പറഞ്ഞു. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് ഇടതുമുന്നണി നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭയിൽ ഇപ്പോൾ നടക്കുന്നത് 'റീൽസ് ഭരണ'മാണെന്നും മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതൽ റീൽസ് ചെയ്യുന്നതാണ് പണിയെന്നും ശിവൻകുട്ടി പരിഹസിച്ചു. ബിജെപി കോർപ്പറേഷനിൽ വലിയ സ്വാധീനമുണ്ടാക്കിയ ശേഷം തിരുവനന്തപുരം നാറിയെന്നും കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധശേഖരം ഉണ്ടെന്ന് സംശയിക്കുന്നതായും ഇവിടെ പോലീസ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഒരാൾ നഗരസഭയിൽ മുൻപ് കൗൺസിലറായി ഇരുന്നിട്ടില്ലെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും കുറ്റപ്പെടുത്തി. ഉത്തരേന്ത്യൻ രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. സുഗതന്റെ പേരിലുള്ളത് രാഷ്ട്രീയ കേസുകളല്ല. കാപ്പ കേസ് പ്രതിയായ സുഗതന് വേണ്ടി മുൻ ഡിജിപി ആർ. ശ്രീലേഖയെപ്പോലുള്ളവർ തെരുവിൽ മുദ്രാവാക്യം വിളിച്ചത് കഷ്ടമാണെന്നും ഇവർക്കെങ്ങനെ ഡിജിപി ആകാൻ കഴിഞ്ഞുവെന്നും ബാലഗോപാൽ ചോദിച്ചു.

സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ പ്രതികരണങ്ങൾ 'പട്ടി ഷോ' ആണെന്ന് സിപഐഎം ജില്ലാ സെക്രട്ടറി വി. ജോയ് വിമർശിച്ചു. നിങ്ങളുടെ സർവീസ് കാലത്തും ഇതൊക്കെ പട്ടി ഷോ ആയിരുന്നോ എന്ന് ജോയ് ചോദിച്ചു. ഈ മാസം 23-ന് മുൻപ് സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ലെങ്കിൽ കോർപ്പറേഷന് മുന്നിൽ ഇടത് കൗൺസിലർമാർ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സുഗതനെ അതീവ നാടകീയ രംഗങ്ങൾക്കൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു നടപടി. കാപ്പ  ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികൾ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ എസ്എച്ച്ഒയ്ക്ക്  ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നിരുന്നു. അനുയായികളുടെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേൽക്കുകയും ഇതിന്മേൽ പുതിയ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ താൻ ഒളിവിലായിരുന്നില്ലെന്നും ചിക്കൻപോക്‌സ് ബാധിച്ച് വിശ്രമത്തിലായിരുന്നു എന്നുമാണ് സുഗതൻ കോടതിയിൽ വാദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366104/v-sivankutty-also-strongly-criticized-the-thiruvananthapuram-municipality-administration)