---
title: "'വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം, രാജിവെച്ച് ശാഖകളിൽ ഗണഗീതം പാടി ജീവിക്കുന്നതാണ് നല്ലത്': കെ.സി വേണുഗോപാൽ"
english_title: "KC Venugopal strongly criticizes the Chancellors' participation in the RSS centenary celebrations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366099/kc-venugopal-strongly-criticizes-the-chancellors-participation-in-the-rss-centenary-celebrations"
published_at: "2026-06-15T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a057bd932dad_WhatsApp_Image_2026-05-14_at_1.07.49_PM.jpeg"
keywords: ["LATEST NEWS", "KC Venugopal", "criticizes the Chancellors", "RSS"]
---

# 'വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം, രാജിവെച്ച് ശാഖകളിൽ ഗണഗീതം പാടി ജീവിക്കുന്നതാണ് നല്ലത്': കെ.സി വേണുഗോപാൽ

> **Lead Summary:** തിരുവനന്തപുരം: **[** ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് നടന്ന പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ (വിസി) പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ വിസിമാർ എത്തിയത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ മൂല്യങ്ങളെ ബലികഴിക്കുന്നവർ സർവകലാശാലകളുടെ തലപ്പത്തിരിക്കാൻ യോഗ്യരല്ലെന്നും വേണുഗോപാൽ പറഞ്ഞു.

## Article Content

തിരുവനന്തപുരം: **[** ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് നടന്ന പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ (വിസി) പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ വിസിമാർ എത്തിയത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ മൂല്യങ്ങളെ ബലികഴിക്കുന്നവർ സർവകലാശാലകളുടെ തലപ്പത്തിരിക്കാൻ യോഗ്യരല്ലെന്നും വേണുഗോപാൽ പറഞ്ഞു.

 ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ തകർക്കുകയും ചെയ്ത ആർഎസ്എസ് ചിന്താഗതി തലച്ചോറിൽ പേറുന്നവർക്ക് ഈ പദവികളിൽ ഇരിക്കാൻ യോഗ്യതയില്ല.

മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ഭരണഘടനയോടുള്ള കൂറുമാണ് വിസിമാർക്ക് വേണ്ടത്, അല്ലാതെ മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയല്ല.

ഗവർണറുടെ സംരക്ഷണയിൽ നിന്ന് മാറി ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് ഇവർക്ക് നല്ലത്. മൂവരും അടിയന്തരമായി തങ്ങളുടെ കപട അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷവും കുറുവടിയുമായി ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കാൻ തയ്യാറാകണം.

ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളർത്താൻ കേരളം അനുവദിക്കില്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ല, മറിച്ച് എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366099/kc-venugopal-strongly-criticizes-the-chancellors-participation-in-the-rss-centenary-celebrations)