---
title: "'മസ്ജിദ് സ്ഥിതി ചെയ്യുന്നത് പോലീസ് സ്റ്റേഷൻ ഭൂമിയിൽ'; ഒഴിഞ്ഞുപോവാൻ ഇമാമിന് ഏഴ് ദിവസത്തെ നോട്ടീസ് നൽകി യുപി പോലീസ്"
english_title: "UP Police issues notice on police station land where mosque is located"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366085/up-police-issues-notice-on-police-station-land-where-mosque-is-located"
published_at: "2026-06-15T12:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa07cb73d6_ytrty.jpg"
keywords: ["latest news", "UP Police", "mosque", "police station"]
---

# 'മസ്ജിദ് സ്ഥിതി ചെയ്യുന്നത് പോലീസ് സ്റ്റേഷൻ ഭൂമിയിൽ'; ഒഴിഞ്ഞുപോവാൻ ഇമാമിന് ഏഴ് ദിവസത്തെ നോട്ടീസ് നൽകി യുപി പോലീസ്

> **Lead Summary:** മീററ്റ്:(**[https://truevisionnews.com/)]** ഉത്തർപ്രദേശിലെ മീററ്റിൽ പോലീസ് സ്റ്റേഷൻ വളപ്പിലെ മസ്ജിദ് സ്ഥിതി ചെയ്യുന്നത് തങ്ങളുടെ ഭൂമിയിലാണെന്ന പോലീസിന്റെ വാദം പുതിയ തർക്കങ്ങൾക്ക് കാരണമാകുന്നു. മീററ്റ്-ബുലന്ദ്ഷഹർ റോഡിലുള്ള ഖാർഖോദ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാനും കയ്യേറ്റം ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് മസ്ജിദിലെ ഇമാം അബ്ദുൾ ഗഫാറിന് പോലീസ് ഏഴു ദിവസത്തെ നോട്ടീസ് നൽകി.

## Article Content

മീററ്റ്:(**[https://truevisionnews.com/)]** ഉത്തർപ്രദേശിലെ മീററ്റിൽ പോലീസ് സ്റ്റേഷൻ വളപ്പിലെ മസ്ജിദ് സ്ഥിതി ചെയ്യുന്നത് തങ്ങളുടെ ഭൂമിയിലാണെന്ന പോലീസിന്റെ വാദം പുതിയ തർക്കങ്ങൾക്ക് കാരണമാകുന്നു. മീററ്റ്-ബുലന്ദ്ഷഹർ റോഡിലുള്ള ഖാർഖോദ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാനും കയ്യേറ്റം ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് മസ്ജിദിലെ ഇമാം അബ്ദുൾ ഗഫാറിന് പോലീസ് ഏഴു ദിവസത്തെ നോട്ടീസ് നൽകി.

റവന്യൂ വകുപ്പ് അടുത്തിടെ നടത്തിയ ഭൂമി അളന്നു തിട്ടപ്പെടുത്തലിലാണ് ഖാർഖോദ പോലീസ് സ്റ്റേഷൻ വളപ്പിലുള്ള ജമാ മസ്ജിദ്, സ്റ്റേഷന്റെ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

 സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ നിലവിലുള്ളതാണ് ഖാർഖോദ പോലീസ് സ്റ്റേഷൻ. റവന്യൂ രേഖകൾ പ്രകാരം 6,450 ചതുരശ്ര മീറ്റർ ഭൂമി പതിറ്റാണ്ടുകളായി പോലീസ് സ്റ്റേഷന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.  ഈ ഔദ്യോഗിക ഭൂമിയുടെ ഒരു ഭാഗം കയ്യേറിയാണ് പിന്നീട് പള്ളി പണിതതെന്നാണ് പോലീസിന്റെ ആരോപണം.

പോലീസിന്റെ ആരോപണങ്ങൾ മസ്ജിദ് കമ്മിറ്റിയും ഇമാം അബ്ദുൾ ഗഫാറും പൂർണ്ണമായി തള്ളിക്കളയുന്നു. 1985 മുതൽ ഈ ഭൂമി വഖഫ് ബോർഡിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ ഈ രേഖകളുടെ പകർപ്പ് പോലീസിന് സമർപ്പിച്ചിട്ടുണ്ടെന്നും മസ്ജിദ് മാനേജ്‌മെന്റ് അറിയിച്ചു.

അനധികൃത നിർമ്മാണം എന്ന് ആരോപിക്കപ്പെടുന്ന ഭാഗം നീക്കം ചെയ്യാനും ബന്ധപ്പെട്ട ഉടമസ്ഥാവകാശ രേഖകൾ സമർപ്പിക്കാനുമാണ് ശനിയാഴ്ച ഇമാമിന് നോട്ടീസ് നൽകിയതെന്ന് കിത്തോർ സർക്കിൾ ഓഫീസർ പ്രമോദ് കുമാർ സിംഗും ഖാർഖോദ എസ്.എച്ച്.ഒ രാജ്പാൽ സിംഗും അറിയിച്ചു.

റവന്യൂ രേഖകളും ഇരുവിഭാഗവും സമർപ്പിക്കുന്ന രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഭരണകൂടം ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (റൂറൽ) അഭിജീത് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366085/up-police-issues-notice-on-police-station-land-where-mosque-is-located)