---
title: "ഓപ്പറേഷൻ തൂഫാൻ: പോലീസ് അന്വേഷണത്തിന് പിന്നാലെ അതിഥിത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Operation Toofan, Guest worker hanged himself"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366037/operation-toofan-guest-worker-hanged-himself"
published_at: "2026-06-15T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ce7a5dc88c_police.1697912334.jpg"
keywords: ["Latest News", "Thiruvanandapuram", "Operation Thoofan", "Hanged"]
---

# ഓപ്പറേഷൻ തൂഫാൻ: പോലീസ് അന്വേഷണത്തിന് പിന്നാലെ അതിഥിത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: [** കഴക്കൂട്ടത്ത് ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനകൾക്ക് പിന്നാലെ, അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**തിരുവനന്തപുരം: [** കഴക്കൂട്ടത്ത് ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനകൾക്ക് പിന്നാലെ, അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അസം ഹോജായ് സ്വദേശിയായ അജ്മൽ അലി (27) ആണ് കാര്യവട്ടത്തെ വാടകവീട്ടിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലുലു മാളിന് സമീപം നടന്ന ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പേട്ട പോലീസ് അജ്മൽ അലിയെ തിരഞ്ഞ് വീട്ടിലെത്തിയത്. പോലീസ് അന്വേഷണം വന്നതോടെ, വീട്ടുടമസ്ഥൻ ഇയാളോട് താമസം ഒഴിയാൻ ആവശ്യപ്പെട്ടതായും നാട്ടുകാർ പറയുന്നു.

തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ലഹരിക്കച്ചവടവുമായി അജ്മൽ അലിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ ആത്മഹത്യാ ചിന്തകളോ ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെൽപ്പ് ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366037/operation-toofan-guest-worker-hanged-himself)